പാകിസ്താനികള്‍ ഇന്ത്യക്കാരേക്കാള്‍ സന്തോഷവാന്‍മാര്‍: ഇന്ത്യക്കാരുടെ ദുഃഖം ഓരോ വര്‍ഷവും കൂടുന്നുവെന്നും റിപ്പോര്‍ട്ട്

single-img
15 March 2018

ലോകത്ത് സന്തോഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യ 133ാം സ്ഥാനത്ത്. തീവ്രവാദികള്‍ വിഹരിക്കുന്ന രാജ്യമെന്ന പേരുള്ള പാകിസ്താനും ദരിദ്ര രാജ്യമായ നേപ്പാളിനും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ 2018ലെ ലോക സന്തോഷ സൂചികയിലെ (വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്‌സ്) 156 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് 133ാം സ്ഥാനം.

156 രാജ്യങ്ങളില്‍ കഴിഞ്ഞ തവണ 122ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20ന് മുന്നോടിയായി എല്ലാവര്‍ഷവും തയാറാക്കുന്ന പട്ടികയിലാണ് ഈ വിവരമുള്ളത്. ഫിന്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം. 75ാം സ്ഥാനത്താണ് പാകിസ്താന്‍.

നേപ്പാള്‍ 101ാം സ്ഥാനത്തും ഭൂട്ടാന്‍ 97ാം സ്ഥാനത്തുമുണ്ട്. 115ാം സ്ഥാനത്ത് ബംഗ്ലാദേശും 116ാം സ്ഥാനത്ത് ശ്രീലങ്കയുമാണ്. ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയാണ് 156ാം സ്ഥാനത്ത്. ഓരോ വര്‍ഷവും പട്ടികയില്‍ പിന്നിലേക്ക് പോവുകയാണ് ഇന്ത്യ. അതേസമയം പട്ടികയില്‍ മുന്നോട്ടാണ് പാകിസ്താന്റെ യാത്ര. 2017 ല്‍ 80ാം സ്ഥാനത്തായിരുന്ന പാകിസ്താന്‍ 2018 ല്‍ 75ാം സ്ഥാനത്ത് എത്തി.

യു എന്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷന്‍ നെറ്റ്വര്‍ക്കാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രതിശീര്‍ഷ ജി ഡി പി, സാമൂഹിക പിന്തുണ, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക സ്വാതന്ത്ര്യം, ദാനശീലം, അഴിമതിയുടെ അഭാവം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ ക്രമപ്പെടുത്തിയിട്ടുള്ളത്. 2012 ലാണ് ലോക സന്തോഷ സൂചിക ആദ്യമായി തയ്യാറാക്കിയത്.