വനപാലകര്‍ വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍

single-img
14 March 2018


പുല്‍പള്ളി: വനത്തില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് കര്‍ണാടക വനപാലകര്‍ ശാസിക്കുകയും വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിപ്പെട്ട യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടിക്കടവ് പണിയ കോളനിയില്‍ നാരായണന്‍െറ മകന്‍ വിനോദിനെ(25) ആണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

ഞായറാഴ്ച വൈകുന്നേരമാണ് ബന്ദിപൂര്‍ കടുവ സങ്കേതത്തില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടക വനപാലകര്‍ വിനോദിനെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയത്. കൂലിപ്പണിക്കാരനായ വിനോദ് പണി കഴിഞ്ഞ് വനത്തിനുള്ളില്‍ കന്നാരംപുഴയില്‍ കുളിക്കാന്‍ പോകുകയായിരുന്നു.

രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാര്‍ ശാസിച്ചതിന് പിന്നാലെ ഭയപ്പെടുത്താന്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും വനപാലകര്‍ സ്ഥലംവിട്ടു. തുടര്‍ന്ന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലും വണ്ടിക്കടവ് ഫോറസ്റ്റ് ഓഫീസിലും പരാതി നല്‍കി.

ഇതേ തുടര്‍ന്ന്, തിങ്കളാഴ്ച പുല്‍പള്ളി എസ്.ഐയുടെയും കര്‍ണാടക വനപാലകരുടെയും സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ആരോപണം നേടിട്ട വാച്ചറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഭയന്നിരുന്ന വിനോദ് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ഇന്നലെ പണിക്കുപോയി വന്നതിന് ശേഷം രാത്രിയില്‍ വീട്ടിലെ ജനാലയില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.