ഇളയദളപതി എന്ന മനുഷ്യസ്‌നേഹി: വിജയ്‌യെ കുറിച്ച് ബാലാജി (വീഡിയോ)

single-img
13 March 2018


ഒരു കാലത്ത് തമിഴ് സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു നടന്‍ ബാലാജി. സൂപ്പര്‍താരങ്ങളുടെ സുഹൃത്തായി തിളങ്ങിയ നടന്‍. തമിഴ് ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളില്‍ സ്ഥിര സാന്നിദ്ധ്യമായ ബാലാജി വിജയ് സിനിമകളിലൂടെയാണ് കൂടുതല്‍ തിളങ്ങിയിരുന്നത്.

വിജയ്‌ക്കൊപ്പമുള്ള അഭിനയ അനുഭവത്തെ കുറിച്ചും മറ്റും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് ബാലാജി. ‘മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് വിജയ് സാറില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇന്നും ആരാധകര്‍ക്ക് ഞാന്‍ ഓട്ടോഗ്രാഫ് എഴുതുമ്പോള്‍ ‘വാഴ്ക വിജയ്’ എന്നാണ് എഴുതുന്നത്.

ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമയായ ‘നിലാവേ വാ’ യില്‍ നായകന്‍ അദ്ദേഹമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം 10 സിനിമകള്‍ അഭിനയിച്ചു. ഒരുനാള്‍ എന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഞാന്‍.

ഷൂട്ടിംഗ് സമയത്ത് ആരൊക്കെയോ പറഞ്ഞ് വിജയ് സാര്‍ ഇക്കാര്യം അറിഞ്ഞു. അദ്ദേഹം തന്റെ അച്ഛന്‍ ചന്ദ്രശേഖറിനെ കാണാന്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. ഉടന്‍ തന്നെ ചന്ദ്രശേഖര്‍ സാര്‍ 1 ലക്ഷം രൂപ തന്നു. ആശുപത്രി ചെലവിന് ഉപയോഗിക്കാന്‍ പറഞ്ഞു. ഇതുവരെ അദ്ദേഹം ആ പണം എന്നോട് തിരിച്ച് ചോദിച്ചിട്ടില്ല.

സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ മികച്ച സ്ഥാനം ലഭിക്കണമെങ്കില്‍ രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ഒന്ന് കൃത്യസമയത്തിന് ലൊക്കേഷനില്‍ എത്തണം. ഏഴ് മണിയെന്ന് പറഞ്ഞാല്‍ 6.30ന് മേക്കപ്പിട്ട് സെറ്റില്‍ റെഡിയായിരിക്കണം.

രണ്ട്, ചെയ്യുന്ന തൊഴിലിനോട് ബഹുമാനം ഉണ്ടാകണം. വിജയ് സര്‍ വിജയം കൈവരിച്ചെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നത് കൊണ്ടാണ്. വിജയ് സാറിനൊപ്പം സുഹൃത്തായി അഭിനയിക്കുന്ന ചിലര്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തന്നെ ഭയപ്പെടും.

അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കാവോ ഡയലോഗ് പറയാവോ എന്നൊക്കെയായിരിക്കും ആദ്യമായി അഭിനയിക്കുമ്പോള്‍ അവര്‍ ചിന്തിക്കുക. പക്ഷേ അദ്ദേഹത്തിന് അതൊന്നും പ്രശ്‌നമല്ല. ഭൈരവ ചിത്രത്തില്‍ കൂട്ടുകാരനെത്തിയ സതീഷ് സിനിമയില്‍ കുറേ തവണ വിജയ്യെ കളിയാക്കുന്നുണ്ട്. അദ്ദേഹം ഇടപെട്ടിരുന്നെങ്കില്‍ അത്തരം ഡയലോഗുകള്‍ സിനിമയില്‍ പോലും കാണില്ലായിരുന്നു. കൂടെ നില്‍ക്കുന്നവന് കൂടി അവസരം നല്‍കാന്‍ വിജയ് സര്‍ ശ്രദ്ധിക്കാറുണ്ട് ബാലാജി പറഞ്ഞു.