എഎപി വീണ്ടും പ്രതിസന്ധിയില്‍; അരവിന്ദ് കെജ്രിവാളിന്റെ ഉപദേഷ്ടാവ് രാജിവെച്ചു

single-img
13 March 2018

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഉപദേശകന്‍ വി.കെ. ജയിന്‍ രാജിവച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെജ്രിവാളിന് രാജിക്കത്ത് നല്‍കിയ അദ്ദേഹം അതിന്റെ പകര്‍പ്പ് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കൈമാറി.

ദില്ലി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എഎപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ മുഖ്യസാക്ഷിയാണ് വികെ ജെയ്ന്‍. അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് ജെയ്‌നിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്‍ഷു പ്രകാശിന്റെ കണ്ണട വീണുടയുന്നത് കണ്ടതായി ജെയ്ന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു ജെയ്‌നിനെ കെജ്രിവാളിന്റെ ഉപദേഷ്ടാവായി നിയോഗിച്ചത്. ചീഫ് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിന് ശേഷം ഇദ്ദേഹം നീണ്ട നാളത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. ഫെബ്രുവരി 19നാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് മര്‍ദ്ദനമേറ്റത്.