ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം: കാലുവാരുമെന്ന സൂചന നല്‍കി വെള്ളാപ്പള്ളി നടേശനും

single-img
12 March 2018

ബിജെപി പിന്നോക്ക ആഭിമുഖ്യമുള്ള പാര്‍ട്ടിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ ബിജെപിയില്‍ സവര്‍ണാധിപത്യം തുടരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. അതുകൊണ്ടുതന്നെ ബിജെപിക്കു കേരളത്തില്‍ വളരാന്‍ സാധിക്കുന്നില്ല.

ബിഡിജെഎസിന്റെ സഹായമില്ലാതെ ചെങ്ങന്നൂരില്‍ ബിജെപിക്കു കഴിഞ്ഞ തവണത്തെ മികവ് പുലര്‍ത്താന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ എംപി സ്ഥാനം വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നതായി തനിക്ക് വിവരമില്ല.

ഇത് ആരോ ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണ്. രാജ്യസഭാ സീറ്റിന് തുഷാറിനേക്കാള്‍ അര്‍ഹന്‍ മുരളീധരന്‍ ആണെന്നും വെള്ളാപള്ളി പറഞ്ഞു. കേന്ദ്രത്തിലടക്കം ഏറെ പ്രവര്‍ത്തിച്ചിട്ടുള്ള ഏറ്റവും പഴക്കവും തഴക്കവും വന്ന നേതാവാണ് മുരളീധരനെന്നും എന്നാല്‍ അദ്ദേഹത്തിന് പോലും അവസാന ഊഴത്തിലാണ് സീറ്റ് ലഭിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ എന്‍ഡിഎ സജീവമല്ല. സംസ്ഥാന ബിജെപി നേതൃത്വത്തിന് എന്‍ഡിഎ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആഗ്രഹമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. ബിജെപി ബിഡിജെഎസ് തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ബിജെപി വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു.

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും അവരുടെ ഘടകക്ഷികള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നവരാണ്. എന്നാല്‍ എന്‍ഡിഎ സംവിധാനത്തില്‍ ഘടകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സികെ ജാനു ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമായിട്ടും അവര്‍ക്ക് വേണ്ടത്ര പരിഗണനയും പരിരക്ഷയും ലഭിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.