എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി: ‘ചെങ്ങന്നൂരില്‍ ബിജെപിക്കു വോട്ടു കുറയും’

single-img
12 March 2018

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വോട്ടു കുറയുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിയുടെ നിലപാടായിരിക്കും മുന്നണിയെ ശിഥിലമാക്കുന്നത്. എന്‍.ഡി.എ നേതൃത്വം ബി.ഡി.ജെ.എസിനോടുള്ള അവഗണന തുടരുകയാണെന്നും തുഷാര്‍ ആരോപിച്ചു.

താന്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. എന്‍.ഡി.എയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. 14ഓളം പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഒന്നര വര്‍ഷം മുമ്പ് കത്ത് നല്‍കിയതാണ്. അതില്‍ ഒന്നു പോലും നടത്താതെ നീട്ടി കൊണ്ടുപോകുകയാണ്.

എന്‍ഡിഎ സംസ്ഥാന കമ്മറ്റി ഉണ്ടെന്നല്ലാതെ ജില്ലാതലത്തിലും നിയോജക മണ്ഡല തലത്തിലും ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു. അതേസമയം ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎയില്‍ തന്നെയാണെന്നും കൂടുതല്‍ തീരുമാനങ്ങള്‍ അടുത്ത യോഗത്തില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരത്തെ രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തുഷാര്‍. ബിജെപി ദേശീയ നിര്‍വാഹ സമിതിയംഗം വി.മുരളീധരനാണ് രാജ്യസഭാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുക.