തേനി വനത്തിലെ തീ നിയന്ത്രണ വിധേയം: മരണസംഖ്യ ഉയര്‍ന്നേക്കും: രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും

single-img
12 March 2018

ചെന്നൈ: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീ നിയന്ത്രണവിധേയമായി. വനംവകുപ്പിന്റെയും അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും ഇടപെടലിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ പത്ത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

വനത്തില്‍ കുടുങ്ങിക്കിടന്നിരുന്ന 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇതോടെ മരണസഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. മലനിരയില്‍ ഇനിയും നാലു പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വ്യോമസേനയും കമാന്‍ഡോകളും തെരച്ചില്‍ തുടരുകയാണ്.

വനത്തില്‍ കുടുങ്ങിയവരില്‍ കോട്ടയം സ്വദേശിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എട്ട് പുരുഷന്‍മാരും 26 സ്ത്രീകളും മൂന്നു കുട്ടികളുമാണ് ട്രക്കിംഗ് സംഘത്തിലുണ്ടായിരുന്നത്. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തില്‍നിന്ന് കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വ്യോമസേനയ്ക്കു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മന്ത്രി ചര്‍ച്ച നടത്തി.