കുടുംബസമേതം തിയേറ്ററുകളിലേക്കെത്താന്‍ പലര്‍ക്കും പേടിയാണെന്ന് പ്രിയദര്‍ശന്‍

single-img
12 March 2018

പ്രേക്ഷകര്‍ക്ക് സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ എന്ന ലേബലില്‍ തന്നെ പ്രതീക്ഷയര്‍പ്പിക്കുന്ന കുടുംബപ്രേക്ഷകര്‍ നിരവധിയാണ് കേരളത്തില്‍. അവസാനമിറങ്ങിയ ഒപ്പം കളക്ഷന്‍ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ചതും പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ജനപ്രീതിയാണ് തെളിയിച്ചത്.

എന്നാല്‍ കുടുംബസമേതം ധൈര്യത്തോടെ തീയേറ്ററുകളിലേക്കെത്താന്‍ സിനിമാപ്രേമികള്‍ക്ക് പേടിയാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഒരു ശരാശരി മലയാളിയുടെ മുഖ്യ വിനോദോപാധികളില്‍ ഒന്നാണ് സിനിമ തീയേറ്ററുകള്‍. പ്രേക്ഷകര്‍ കുടുംബത്തോടെ തീയേറ്ററുകളിലെത്തിയാല്‍ മാത്രമേ സൂപ്പര്‍ഹിറ്റുകള്‍ പിറക്കുകയുള്ളുവെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

ഫാന്‍സിന്റെ ആരവങ്ങളെല്ലാം രണ്ട് ദിവസം കൊണ്ട് തീരും. അതിന് ശേഷമുള്ള നാളുകളിലാണ് സിനിമയുടെ ഭാവി നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ എന്തെല്ലാമാണ് സിനിമയില്‍ കാണേണ്ടി വരികയെന്ന ഭയമാണ് പലര്‍ക്കും. ഈ ഭയമാണ് പ്രേക്ഷകരെ പിന്നോട്ട് വലിക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

കുട്ടികളെ രസിപ്പിക്കുകയും, മാസ് ഓഡിയന്‍സിനെ കയ്യിലെടുക്കുകയും ചെയ്യുന്ന നിലവാരമുള്ള സിനിമകള്‍ ഉണ്ടായാല്‍ പ്രേക്ഷകര്‍ കുടുംബസമേതം തീയേറ്ററുകളിലെത്തും. ഇതിന്റെ മികച്ച ഉദാഹരണമാണ് ആട് 2 വിന്റെ വിജയമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.