പിഎന്‍ബി തട്ടിപ്പില്‍ ധനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി: ‘ജയ്റ്റ്‌ലി മൗനം പാലിച്ചത് മകളെ രക്ഷിക്കാന്‍’

single-img
12 March 2018

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തട്ടിപ്പുകേസില്‍ ജെയ്റ്റ്‌ലി നിശ്ശബ്ദത പാലിച്ചത് അഭിഭാഷകയായ മകളെ രക്ഷിക്കാന്‍ ആയിരുന്നെന്ന് രാഹുല്‍ പറഞ്ഞു.

ട്വിറ്ററിലൂടെ ആയിരുന്നു രാഹുല്‍ ജെയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ചത്. ‘ദ വയര്‍’ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. നമ്മുടെ ധനമന്ത്രി പി എന്‍ ബി തട്ടിപ്പുകേസില്‍ നിശ്ശബ്ദത പാലിച്ചത് അദ്ദേഹത്തിന്റെ അഭിഭാഷകയായ മകളെ രക്ഷിക്കാനായിരുന്നു എന്ന സത്യം ഇപ്പോഴാണ് പുറത്തുവന്നത്.

തട്ടിപ്പ് പുറത്തുവരുന്നതിന് കഷ്ടിച്ച് ഒരുമാസം മുമ്പ് പ്രതികള്‍ നിയമസഹായം ഉറപ്പുവരുത്തുന്നതിന് ഇവര്‍ക്ക് വന്‍തുക നല്‍കിയിരുന്നെന്നും ട്വിറ്ററില്‍ രാഹുല്‍ ആരോപിച്ചു. പ്രതികള്‍ക്ക് നിയമസഹായം നല്‍കിയ മറ്റ് സ്ഥാപനങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.

എന്നാല്‍ ജെയ്റ്റ്‌ലിയുടെ മകളുടെ സ്ഥാപനത്തെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും ട്വീറ്റില്‍ രാഹുല്‍ ആരാഞ്ഞു. പി എന്‍ ബി തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസിനു വേണ്ടി റീട്ടെയ്‌നര്‍ഷിപ്പ് കരാര്‍ (നിയമസഹായം ഉറപ്പാക്കുന്ന കരാര്‍) സ്വീകരിച്ചിരുന്നതായി ജെയ്റ്റ്‌ലിയുടെ മകളുടെ ഭര്‍ത്താവും ചേമ്പേഴ്‌സ് ഓഫ് ജെയ്റ്റ്‌ലി ആന്‍ഡ് ബക്ഷി എന്ന നിയമസഹായ സ്ഥാപനത്തിന്റെ ഉടമയുമായ ജയേഷ് ബക്ഷി സ്ഥിരീകരിച്ചതായി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡിസംബര്‍ 2017ലാണ് റീട്ടെയ്‌നര്‍ഷിപ്പ് സ്വീകരിച്ചത്. ഇത് ജനുവരി 2018 ല്‍ തിരികെ നല്‍കുകയും ചെയ്തു. തട്ടിപ്പിനെ കുറിച്ച് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതിന് പിന്നാലെ അതായത് 2018 ജനുവരി 31 ശേഷമാണ് റീട്ടെയ്‌നര്‍ഷിപ്പ് തിരികെ നല്‍കിയതെന്നായിരുന്നു ബക്ഷിയുടെ വിശദീകരണം. റീട്ടെയ്‌നര്‍ഷിപ്പ് ഏകപക്ഷീയമായി റദ്ദാക്കുകയും മുഴുവന്‍ തുക തിരികെ നല്‍കിയെന്നും ബക്ഷി വ്യക്തമാക്കിയിരുന്നു.

അതേസമയം രാഹുലിന്റെ ട്വീറ്റിനു പിന്നാലെ ജെയ്റ്റ്‌ലിയോട് ചോദ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തെത്തി. രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമോ എന്നായിരുന്നു കേജ്രിവാളിന്റെ ചോദ്യം.