സര്‍ക്കാര്‍ ജാഗ്രതയിലാണെന്ന് മുഖ്യമന്ത്രി

single-img
12 March 2018

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

10ന് രാത്രി 9.23ന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ എല്ലാ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവരം കൈമാറി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഉച്ചഭാഷണിയിലൂടെ തീരത്ത് അനൗണ്‍സ് ചെയ്യുകയും ഫോണിലൂടെ തൊഴിലാളികളെ അറിയിക്കുകയും ചെയ്തു.

തിരുവനന്തപുരം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. തെക്കേ ഇന്ത്യയില്‍ കടലില്‍ 14വരെ മത്സ്യബന്ധനം പാടില്ലെന്നാണ് കേന്ദ്ര മുന്നറിയിപ്പ്. സര്‍ക്കാരിന്റെ വിലയിരുത്തല്‍ പ്രകാരം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തമിഴ്‌നാട്ടിലെ തേനി കൊരങ്ങിണി മലയിലെ കാട്ടുതീയില്‍ അകപ്പെട്ടു ട്രക്കിങ് സംഘാംഗങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരള അതിര്‍ത്തിയിലാണു സംഭവം എന്നറിഞ്ഞ ഉടന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും തമിഴ്‌നാട് സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കാന്‍ നിര്‍ദേശം നല്‍കി.

കേരള പൊലീസ് ഫയര്‍ഫോഴ്‌സ് വനം റവന്യൂ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തന മേഖലയില്‍ എത്തുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വനമേഖലയില്‍ ട്രക്കിങ് താത്ക്കാലികമായി നിരോധിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

വനമേഖലയില്‍ തീ പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനത്തിനുള്ളില്‍ താത്കാലിക കുളങ്ങള്‍ ഉണ്ടാക്കി വന്യ ജീവികള്‍ക്കു കുടിവെള്ളം ഉറപ്പുവരുത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.