നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു; ഒട്ടേറെപ്പേര്‍ മരിച്ചതായി സംശയം

single-img
12 March 2018

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം തകരുകയും തീപിടിക്കുകയുമായിരുന്നു.

നിരവധി പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 76 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേപ്പാള്‍ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു.

ബാക്കിയുള്ളവര്‍ മരിച്ചതായാണ് സംശയം. അതിനിടെ, അപകടത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബംഗ്ലദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യുഎസ്–ബംഗ്ല എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ തീ പടര്‍ന്നത് അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന് വിമാനത്താവള വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രേഷ്ഠ അറിയിച്ചു. വിമാനത്താവളത്തില്‍നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും ദൃക്‌സാക്ഷികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന ചിത്രങ്ങള്‍ പ്രകാരം വലിയ അപകടമാണ് നടന്നിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. വിമാനം തകര്‍ന്നതിന് പിന്നാലെ കനത്ത പുകപടലങ്ങളും കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിറഞ്ഞു.