സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു; വിജയാവേശത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു

single-img
12 March 2018


മുംബൈ: ദിവസങ്ങളും കിലോമീറ്ററുകളും താണ്ടിയ ലോങ് മാര്‍ച്ചിനൊടുവില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് വിജയാഹ്ലാദം. കര്‍ഷകര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരത്തിന് ശുഭപര്യവസാനമായത്. രണ്ട് മാസത്തിനുള്ളില്‍ ആവശ്യങ്ങളില്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ എഴുതി നല്‍കാന്‍ സമ്മതിക്കുകയായിരുന്നു. ഇക്കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സ്ഥിരീകരിച്ചു. ഉറപ്പുനല്‍കിക്കൊണ്ടുള്ള കത്ത് കര്‍ഷകര്‍ക്ക് കൈമാറിയതായി ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

കൃഷി ചെയ്യുന്ന ഭൂമി ആദിവാസികളുടെ പേരില്‍ നല്‍കുന്ന വനാവകാശ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

കര്‍ഷകര്‍ 12-13 ആവശ്യങ്ങളാണ് മുന്നോട്ട് വച്ചതെന്ന് മഹാരാഷ്ട്ര ജലസേചന മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. ‘‘കര്‍ഷകരുമായി നല്ലരീതിയിലുള്ള കൂടിക്കാഴ്ചയാണ് നടന്നത്. അവര്‍ മുന്നോട്ടുവച്ച മിക്ക ആവശ്യങ്ങളും ഞങ്ങള്‍ അംഗീകരിച്ചു, ചിലത് സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങള്‍ എഴുതി ഉറപ്പുനല്‍കും. തീരുമാനത്തില്‍ അവര്‍ സന്തുഷ്ടരാണ്.’’-മന്ത്രി പറഞ്ഞു.

കര്‍ഷകരുടെ 12 അംഗ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഉച്ചയോടെയാണ് ചര്‍ച്ചക്കായി ആറംഗ മന്ത്രിതല കമ്മിറ്റി രൂപികരിച്ചത്. രാവിലെ 11ന് മുഖ്യമന്ത്രി കര്‍ഷകരെ കാണുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് പതന്‍ഗ്രാവോ കദമിന്‍െറ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ടുള്ള പ്രമേയത്തിന്‍െറ അവതരണവും രാജ്യസഭ നാമനിര്‍ദേശ പത്രിക സമര്‍പ്പണവും കാരണം ചര്‍ച്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയിലേക്ക് മാറ്റുകയായിരുന്നു. വൈകുന്നേരത്തോടെയാണ് തീരുമാനം എത്തിയത്.

ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് ആറ് ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ലോങ് മാര്‍ച്ച് ഇന്ന് മുംബൈയിലെ ആസാദ് മൈതാനിലാണ് ഒത്തുകൂടിയത്. നിയമസഭ വളയാനാണ് 50000ത്തോളം കര്‍ഷകര്‍ സംഘടിച്ചെത്തിയത്. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആസാദ് മൈതാനില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സമരത്തിന് കാല്‍നടയായി എത്തിയ കര്‍ഷകര്‍ ട്രെയിനില്‍ ആണ് തിരിച്ചുപോകുക. രണ്ട് പ്രത്യേക ട്രെയിനുകള്‍ ഇതിനായി റയില്‍വേ ഇന്ന് രാത്രി ഓടിക്കും.