ട്രക്കിംഗ് സംഘം കുരങ്ങിണി മലയിലെത്തിയത് വിലക്കുകള്‍ ലംഘിച്ച്: കാട്ടുതീ ഉണ്ടെന്ന് അറിഞ്ഞിട്ടും അവഗണിച്ചു

single-img
12 March 2018

തേനി കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ കുടുങ്ങിയ സഞ്ചാരികളില്‍ ആശങ്കയേറ്റി മരണസംഖ്യ 12 ആയി. ആകെ 27 പേരെ രക്ഷപ്പെടുത്തി. നാലുപേരുടെ നില അതീവഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പരുക്കേറ്റവരില്‍ ചെന്നൈയില്‍ ഐടി ഉദ്യോഗസ്ഥയായ കോട്ടയം പാലാ സ്വദേശിനി മീനാ ജോര്‍ജും ഉള്‍പ്പെടുന്നു.

വനത്തിലകപ്പെട്ടത് 39 പേര്‍ എന്നാണ് ഇപ്പോഴത്തെ വിവരം. പൊലീസ്, വനം, അഗ്‌നിശമന സേന പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രി സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും നിര്‍ദേശം നല്‍കി.

അതേസമയം ചെങ്കൂത്തായ മലകളും, വന്യമൃഗങ്ങളുമുള്ള ഈ വനമേഖലയിലെ കുരങ്ങിണി മലയിലേയ്ക്ക് ട്രക്കിംഗ് സംഘം എത്തിയത് വിലക്കുകള്‍ ലംഘിച്ചാണെന്നാണ് വിവരം. നിയമവിധേയമല്ലാത്ത ട്രക്കിംഗാണ് അപകടം ക്ഷണിച്ചു വരുത്തിയതും, വന്‍ ദുരന്തത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചതും.

ഓരോ ചുവടിലും അപകടം പതിയിരിക്കുന്ന ഈ വനമേഖലയിലേയ്ക്കുള്ള പ്രവേശനം തമിഴ്‌നാട് പോലീസ് നിരോധിച്ചിട്ടുള്ളതാണ്. ഈ നിരോധനം മറികടന്നാണ് മൂന്ന് കുട്ടികളും, 26 സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം കുരങ്ങിണി മലയില്‍ എത്തിയത്.

കടുത്ത വേനലിനു പിന്നാലെ കൊളുക്കുമലയുടെ വിവിധയിടങ്ങളില്‍ കാട്ടുതീയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് വനത്തിലേയ്ക്കുള്ള ട്രക്കിങ് കര്‍ശനമായി നിരോധിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഈ സംഘത്തെ നയിച്ചത് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വനത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാതെ ട്രക്കിങ്ങിനിറങ്ങിയതും, ക്യത്യമായ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ഗൈഡ് ഇല്ലാതെ പോയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണമായി. തീ പടര്‍ന്നതോടെ സംഘത്തിലുള്ളവര്‍ ചിതറിയോടുകയായിരുന്നു. ചോലക്കാടുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന മേഖലയാണ് കൊളുക്കുമല.

സംഘത്തില്‍ പലരും പുല്‍മേടുകളിലേയ്ക്കും ഓടിക്കയറിയതും, തീയുടെ കുറുകെ ചാടിയതും വന്‍ അപകടത്തിലേയ്ക്ക് നയിക്കുകയായിരുന്നു. കാടിന് തീ പിടിച്ചപ്പോള്‍ ഉണ്ടായ കനത്ത ചൂടിനെ തുടര്‍ന്ന് പലരും കുഴഞ്ഞു വീണതായും റിപ്പോര്‍ട്ടുകളുണ്ട്.