സിനിമയിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ് അമ്മ ഒരു ഉപദേശം നല്‍കിയിരുന്നു; തുറന്ന് പറഞ്ഞ് കാളിദാസ്

single-img
12 March 2018

ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ കാളിദാസിന്റെ പൂമരം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം റിലീസ് ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്ന് ഇതിനോടകം ഒട്ടേറെ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് കാളിദാസിനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും.

ബാലതാരമായെത്തി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ കാളിദാസ് നായകനാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് പൂമരം. സിനിമയിലേക്ക് നായകനായി ചുവടുവെക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അമ്മ പാര്‍വതി കാളിദാസിന് ഉപദേശം നല്‍കിയിരുന്നു.

‘നിനക്ക് വീടുണ്ട്, കഴിക്കാന്‍ ഭക്ഷണമുണ്ട്, ജീവിക്കാന്‍ വേണ്ടതെല്ലാമുണ്ട്. പണത്തിന് വേണ്ടി സിനിമ തെരഞ്ഞെടുക്കരുത്’ ഇതായിരുന്നു തനിക്ക് അമ്മ നല്‍കിയ ഉപദേശമെന്ന് കാളിദാസ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് തന്റെ അമ്മയുടെ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

താന്‍ ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ അച്ഛന് സിനിമയില്‍ ഒരുപാട് തിരക്കുണ്ടായിരുന്നു. എന്നാല്‍ അപ്പോള്‍ അമ്മ തന്റെ സിനിമാ തിരക്കുകളെല്ലാം ഉപേക്ഷിച്ചിരുന്നുവെന്നും കാളിദാസ് പറഞ്ഞു. അച്ഛനും അമ്മയും ചെയ്ത കഥാപാത്രങ്ങളെല്ലാം ഇഷ്ടമാണ്.

വടക്കുനോക്കിയന്ത്രത്തിലെ ശോഭയാണ് അമ്മ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. കമല്‍ അങ്കിള്‍ സംവിധാനം ചെയ്ത ‘നടന്‍’ ആണ് അച്ഛന്‍ ചെയ്തതില്‍ ഇഷ്ടപ്പെട്ട ചിത്രം. അച്ഛന് ആ ചിത്രത്തില്‍ അവാര്‍ഡ് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. അത് ലഭിക്കാതിരുന്നപ്പോള്‍ നല്ല വിഷമവും ഉണ്ടായിരുന്നുവെന്നും കാളിദാസ് പറഞ്ഞു.