Sports

മത്സരത്തിനിടെ ഫീല്‍ഡര്‍ കീപ്പറുടെ ഗ്ലൗസണിഞ്ഞു: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് ലഭിച്ചത് അപൂര്‍വ പിഴ

ബ്രിസ്‌ബേനിലെ ഗാബ സ്റ്റേഡിയത്തില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മാച്ചിലാണ് ഓസ്‌ട്രേലിയന്‍ താരം മാത്യു റെന്‍ഷോയ്ക്ക് അംപയര്‍ അപൂര്‍വ പിഴ വിധിച്ചത്. ബാറ്റ്‌സ്മാന്‍ സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ച പന്ത് പിടിക്കുന്നതിനായി വിക്കറ്റ് കീപ്പറായ ജിമ്മി പിയേഴ്‌സണ്‍ ഗ്ലൗസ് ഊരിയിട്ട ശേഷം പന്തിനു പിന്നാലെ ഓടുകയായിരുന്നു.

ഈ സമയം ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന റെന്‍ഷോ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് വരുകയും അവിടെ കിടന്ന ഗ്ലൗസെടുത്തിടുകയുമായിരുന്നു. ജിമ്മിയെടുത്തെറിഞ്ഞ പന്ത് ഗ്ലൗസ് ഇട്ട കൈകൊണ്ട് റെന്‍ഷോ പിടിച്ചു. തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ക്കുതന്നെ താരം ഗ്ലൗസ് തിരികെ നല്‍കി.

എന്നാല്‍ ഐസിസിയുടെ 27.1 നിയമപ്രകാരം വിക്കറ്റ് കീപ്പര്‍ക്ക് മാത്രമാണ് ക്രിക്കറ്റ് ഫീല്‍ഡില്‍ ഗ്ലൗസ് ധരിക്കാനുളള അനുവാദം. അതുകൊണ്ടുതന്നെ അംപയര്‍ ക്വീന്‍സ് ലാന്‍ഡ് ടീമിന് അഞ്ച് റണ്‍സ് പിഴ വിധിക്കുകയായിരുന്നു.

തമാശയ്ക്കാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് റെന്‍ഷോ മല്‍സരശേഷം പറഞ്ഞു. ഐസിസി നിയമത്തെക്കുറിച്ച് അപ്പോള്‍ ചിന്തിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. അഞ്ച് റണ്‍സ് വിട്ടു കൊടുക്കേണ്ടി വന്നെങ്കിലും ക്വീന്‍സ് ലാന്‍ഡ് മത്സരത്തില്‍ 211 റണ്‍സിന് വിജയിച്ചു.