നേപ്പാള്‍ വിമാനാപകടം: 50 പേര്‍ കൊല്ലപ്പെട്ടു, അന്വേഷണം പ്രഖ്യാപിച്ചു

single-img
12 March 2018

കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാവിമാനം അപകടത്തില്‍ പെട്ട് 50 പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യത. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യു.എസ്.-ബംഗ്ല എയര്‍ലൈന്‍സിന്‍െറ വിമാനമാണ് ക്രാഷ് ലാന്‍ഡ് ചെയ്തതിന് ശേഷം പൊട്ടിത്തെറിച്ച് തീപിടിച്ചത്.

വിമാനം 71 പേരുമായി ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു. ഉച്ചയ്ക്ക് 2.20ന് ലാന്‍ഡിങ്ങിനിടയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നെന്ന് വിമാനത്താവള വക്താവ് അറിയിച്ചു.

ലാന്‍ഡിങ്ങിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സഞ്ജീവ് ഗൗതമും വ്യക്തമാക്കി. റണ്‍വേയുടെ തെക്കുഭാഗത്ത് നിന്ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം വടക്ക് ഭാഗത്ത് കൂടിയാണ് ലാന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള കാരണം ഇതുവരെ കണ്ടെ ത്തിയിട്ടില്ലെന്ന് പറഞ്ഞ സഞ്ജീവ് ഗൗതം, വിമാനത്തിന് സാങ്കേതിക തകരാന്‍ ഉണ്ടായിരുന്നതായി കരുതുന്നതായി കൂട്ടിച്ചേര്‍ത്തു.

67 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ ഉടന്‍ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി അറിയിച്ചു.