കാട്ടുതീയില്‍ പെട്ട അഞ്ച് പേര്‍ മരിച്ചു; 30 പേരെ രക്ഷപ്പെടുത്തി

single-img
12 March 2018


തേനി: ട്രെക്കിങ്ങിന് പോയവര്‍ കാട്ടുതീയില്‍ അകപ്പെട്ടുണ്ടായ ദുരന്തത്തില്‍ അഞ്ച് പേര്‍ പൊള്ളലേറ്റ് മരിച്ചു. 30 പേരെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരത്തിനെത്തിയ 39 പേരാണ് കുരങ്ങണി മലയില്‍ ഞായറാഴ്ച വൈകുന്നേരം കാട്ടുതീയില്‍ പെട്ടത്. കണ്ടെത്താനുള്ള ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചെന്നൈയില്‍ നിന്നുള്ള ട്രെക്കിങ് ക്ലബ് അംഗങ്ങളും ഈറോഡ്, തിരുപൂര്‍ മേഖലയില്‍ നിന്നുള്ളവരുമാണ് അപകടത്തില്‍ പെട്ടത്. 27 പേരാണ് ചെന്നൈയില്‍ നിന്ന് വന്നത്. ബാക്കി 12 പേരാണ് ഈറോഡില്‍ നിന്നും തിരുപൂരില്‍ നിന്നും വന്നത്. തമിഴ്നാട് അതിര്‍ത്തിയില്‍ കുരങ്ങണിയില്‍ നിന്ന് ബോഡിനായ്ക്കന്നൂരിലേക്ക് ട്രെക്കിങ്ങിലായിരുന്നു സംഘം. വെള്ളിയാഴ്ച ആണ് ട്രെക്കിങ് തുടങ്ങിയത് എന്നാണ് വിവരം.

വനത്തിനുള്ളില്‍ കയറാന്‍ സംഘത്തിന് അനുമതി ഇല്ലായിരുന്നെന്ന് ഫോറസ്റ്റ്, ജില്ല അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്ന് തീയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. ട്രെക്കിങ് ക്ലബ് അനുമതി വാങ്ങിയിട്ടുണ്ടായിരുന്നു എന്നാണ് കരുതിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് പോലീസ്, വനംവകുപ്പ്, ഫയര്‍ഫോഴ്സ്, വ്യോമസേന എന്നീ സംഘങ്ങള്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി തേനി ജില്ല കലക്ടര്‍ പല്ലവി ബല്‍ദേവ് അറിയിച്ചു.