സുനന്ദ പുഷ്‌ക്കറുടെ മരണം കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്

single-img
12 March 2018

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ മരണം കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി.എസ് ജെയ്‌സ്വാളിന്റെ റിപ്പോര്‍ട്ട് ദേശീയ മാധ്യമമായ ഡിഎന്‍എ ആണ് പുറത്തുവിട്ടത്.

ശരീരത്തിലെ മുറിവുകളും പാടുകളും കൊലപാതകത്തിന്റെ ലക്ഷണങ്ങളാണ് വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മയുടെ കണ്ടെത്തല്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ബി.എസ് ജെയ്‌സ്വാള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

ശരീരത്തിലെ മുറിവുകളും കടിയേറ്റപാടും ഇത് സാധൂകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷം അകത്തുചെന്നാണ് മരണമെന്ന സൂചനയും ഉണ്ട്. ഇന്‍ക്വസ്റ്റ് നടത്തിയ എസ് ഡി ഓ അലോക് ശര്‍മ തന്നെ മരണം കൊലപാതകമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഈ ദിശയില്‍ അന്വേഷണം നടന്നില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡല്‍ഹി റെയ്ഞ്ച് ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരീരത്തില്‍ കണ്ട ഇഞ്ചക്ഷന്റെ പാട് പുതിയതാണ്. വിഷം നല്‍കിയത് ഇഞ്ചക്ഷന്‍ ആയിട്ടാണോയെന്ന് ഇത് സംശയമുയര്‍ത്തുന്നു.

സുനന്ദയും ശശി തരൂരും തമ്മില്‍ അടിപിടിയുണ്ടായതായി സഹായിയുടെ മൊഴിയും മുഖവിലയ്‌ക്കെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് അന്വേഷണത്തില്‍ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

2014 ജനുവരി 17നാണ് രാജ്യതലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ ആയത് കൊണ്ട് നിരവധി ചോദ്യങ്ങളും സംശയങ്ങളും സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നു.

തരൂരിന് കൊലപാതകത്തില്‍ പങ്കുണ്ട് എന്നാണ് തുടക്കം മുതല്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ പോലുള്ള ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ കേസന്വേഷിച്ച അന്വേഷണ സംഘത്തിന് ഇരുവരെ സുനന്ദയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല.

വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ പുഷ്‌കറിന്റെ മരണം സംഭവിച്ചത് എന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും മരണകാരണം വിഷം ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല.

എയിംസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും എഫ്ബിഐയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും വിലയിരുത്തിയ മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍ മരണകാരണം അവ്യക്തമാണ് എന്നതാണ്. ഈ ദുരൂഹതകളൊന്നും നീക്കാന്‍ ഇതുവരെ അന്വേഷണത്തിന് സാധിച്ചിട്ടില്ല.

എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന് ആദ്യമേ തന്നെ കൃത്യമായ വിവരമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഡിഎന്‍എ പുറത്ത് വിട്ടിരിക്കുന്നത്.