കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

single-img
12 March 2018

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം. കോടതി നിര്‍ദേശ പ്രകാരം കേസെടുക്കാമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ പൊലീസിന് നല്‍കിയ നിയമോപദേശം.

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണു കേസ്. കഴിഞ്ഞ ദിവസമാണു ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൊച്ചി സെന്‍ട്രല്‍ പൊലീസിനു ലഭിച്ചത്. ഇതേത്തുടര്‍ന്നാണു നിയമോപദേശം തേടിയത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ കാണാം എന്നു ഹൈക്കോടതി പറഞ്ഞിരുന്നു.

ഇടപാടുകളില്‍ സാരമായ അപാകതയുണ്ട്. ബാങ്ക് രേഖകളിലും പ്രശ്‌നങ്ങളുണ്ട്. രൂപത കമ്മിഷന്റെ നിഗമനങ്ങളും ഇടനിലക്കാരന്റെ മൊഴിയും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്നു. രൂപതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കര്‍ദിനാളിനു ബാധ്യതയുണ്ട്. കര്‍ദിനാള്‍, രണ്ടു വൈദികര്‍, ഇടനിലക്കാരന്‍ എന്നിങ്ങനെ നാലുപേരെ പ്രതിചേര്‍ക്കണം എന്നായിരുന്നു കോടതി പറഞ്ഞത്.