തുഷാര്‍ വെള്ളാപ്പള്ളിയെ തഴഞ്ഞ് രാജ്യസഭ സീറ്റ് വി. മുരളീധരന്

single-img
11 March 2018


തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് എന്‍.ഡി.എ രാജ്യസഭ സീറ്റ് നല്‍കും എന്നത് ആലോചന മാത്രമായി ഒതുങ്ങി. കേരളത്തിലെ എന്‍.ഡി.എയില്‍ നിന്ന് രാജ്യസഭയില്‍ എത്തുന്നത് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പ്രമുഖ നേതാവ് വി. മുരളീധരന്‍.

മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയില്‍ എത്തിക്കുന്നത്. മുരളീധരന്‍ അടക്കം 18 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിക്കുന്നവരാണ് പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നാണ്. ഏഴ് പേരാണ് യു.പിയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നിന്നുണ്ടായ കനത്ത എതിര്‍പ്പാണ് തുഷാറിന്‍െറ സീറ്റ് സാധ്യതക്ക് വിലങ്ങുതടിയായത്. സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ തഴയുന്നതിനെതിരെ ഒരു വിഭാഗം കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നു.

നിലവില്‍ രണ്ട് എം.പിമാരും ഒരു കേന്ദ്ര മന്ത്രിയും ബി.ജെ.പിക്ക് കേരളത്തിലുണ്ടെങ്കിലും ആരും സജീവ പാര്‍ട്ടി നേതാക്കളല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട നീരസം നിലനില്‍ക്കേയാണ് തുഷാറിനെ പരിഗണിക്കാനുള്ള നീക്കം അറിയുന്നത്.

അതേസമയം, വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ എന്‍.ഡി.എ വിടുമെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. മാര്‍ച്ച് 14ന് നടക്കുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും.