കൊളുക്കുമലയില്‍ തീപിടിത്തം: ഒരു മരണം, 25 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

single-img
11 March 2018


തേനി: വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയില്‍ വന്‍ കാട്ടുതീ. തീപിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും 25 ഓളം പേര്‍ വനത്തില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. 15 പേരെ രക്ഷപ്പെടുത്തി. പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നു ഇവര്‍. 14 ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും ആണ് രക്ഷപ്പെടുത്തിയതെന്ന് തമിഴ്നാട് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എച്ച്.ബസവരാജു വ്യക്തമാക്കി.

തമിഴ്നാട് തേനി കുരങ്ങണിയിലാണ് കൊളുക്കുമല. കോയമ്പത്തൂര്‍-ഈറോഡ് മേഖലയില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. 40 പേരുടെ സംഘമാണ് തീയില്‍ കുടുങ്ങിയത്. ട്രെക്കിങ്ങിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ മൂന്നാറില്‍ നിന്ന് തേനിയിലേക്ക് കുന്നിറങ്ങുകയായിരുന്നു എന്ന് എച്ച്.ബസവരാജു അറിയിച്ചു.

പശ്ചിമ ഘട്ടത്തില്‍ കാട്ടുതീ പരക്കുന്ന കാലമായതിനാല്‍ ഫോറസ്റ്റ് അധികൃതര്‍ ട്രെക്കിങ് ഇപ്പോള്‍ അനുവദിക്കാറില്ലെന്നും വിദ്യാര്‍ഥികളുടെ സംഘം സ്വന്തം നിലയില്‍ മലകയറുകയായിരുന്നു എന്നുമാണ് അറിയുന്നത്. 40 ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സ്, മെഡിക്കല്‍ ടീമും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

വ്യോമസേന രക്ഷാപ്രവര്‍ത്തനത്തിന്‍െറ ഭാഗമാകും. ഇതിനായി വ്യോമസേന ഹെലികോപ്റ്റര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പ്രദേശത്ത് കനത്ത കാറ്റുവീശുന്നത് രക്ഷാപ്രവര്‍ത്തനം ദുസഹമാക്കുന്നതായാണ് വിവരം. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വം അപകടസ്ഥലത്തേക്ക് തിരിച്ചു.