കൊലപാതക കേസ് അന്വേഷണത്തിലെ ഉദാസീനത: സി.ബി.ഐയ്ക്ക് 15 ലക്ഷം രൂപ പിഴ

single-img
11 March 2018


മുംബൈ: ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന എം.ബി.എ വിദ്യാര്‍ഥിയുടെ കൊലപാതകം അന്വേഷിക്കുന്നതില്‍ ഉദാസീനത പുലര്‍ത്തി നീതി നടപ്പാക്കുന്നത് വൈകിച്ചതിന് സി.ബി.ഐ ഡയറക്ടര്‍ക്ക് 15 ലക്ഷം രൂപ പിഴ ശിക്ഷവിധിച്ച് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍. 2011 ജൂലൈ 15ന് പട്ന സ്വദേശിയായ സന്തോഷ് സിങ് എന്ന എം.ബി.എ വിദ്യാര്‍ഥി നവി മുംബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കേസിലാണ് സി.ബി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവും പിഴയും വന്നത്.

സന്തോഷിന്‍െറ പിതാവ് ഏഴ് വര്‍ഷമായി നീതിക്കായി കാത്തിരിക്കുകയാണെന്നും സി.ബി.ഐക്കെതിരെ മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തലുകള്‍ അന്വേഷകരുടെയും അവരുടെ പ്രവര്‍ത്തനത്തിന്‍െറയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. പിഴത്തുക സന്തോഷിന്‍െറ പിതാവ് വിജയ് സിങ്ങിന് നല്‍കണമെന്നാണ് വിധി.

മദ്യലഹരിയില്‍ ആത്മഹത്യ ചെയ്തതാണെന്ന പോലീസ് ഭാഷ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിജയുടെ ആവശ്യത്തെ തുടര്‍ന്ന് ആദ്യം സി.ഐ.ഡി അന്വേഷണം നടന്നു. തൃപ്തനാകാതെ 2013 ല്‍ പിതാവ് വീണ്ടും കോടതിയിലെത്തിയതോടെ കേസ് സി.ബി.ഐയ്ക്ക് വിടുകയായിരുന്നു.

എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സി.ബി.ഐയും മതിയായ അന്വേഷണം നടത്തുന്നില്ലെന്ന് കണ്ട് 2016ല്‍ ആണ് തെളിവുകളുമായി പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. 2017ല്‍ ആത്മഹത്യ ആണെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി പന്‍വേല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കി. ഇത് വിജയ് ചോദ്യം ചെയ്തു. കഴിഞ്ഞ മാസം, സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി സാഹചര്യ തെളിവുകള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്നും വ്യക്തമാക്കി.

ഇതിന്‍െറ ചുവടുപിടിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് വന്നത്. ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്നും ആറ് ആഴ്ചകള്‍ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.