പോലീസ് വയര്‍ലെസ് സെറ്റിലൂടെ ഡി.വൈ.എസ്.പിക്ക് അസഭ്യം; ‘ആക്ഷന്‍ ഹീറോ ബിജു’ സംഭവം കണ്ണൂരില്‍

single-img
11 March 2018


കണ്ണൂര്‍: നിവിന്‍ പോളി നായകനായ എബ്രിഡ് ഷൈന്‍ ചിത്രം ‘ആക്ഷന്‍ ഹീറോ ബിജു’വിലെ രംഗത്തിന് സമാനമായ സംഭവം കണ്ണൂരില്‍. പോലീസുകാരന്‍െറ അശ്രദ്ധകാരണം നഷ്ടപ്പെടുന്ന വയര്‍ലെസ് സെറ്റ് വഴി കമ്മീഷണര്‍ക്ക് മദ്യപന്‍െറ ചീത്തവിളി കേള്‍ക്കേണ്ടി വരുന്ന സിനിമ രംഗമാണ് യഥാര്‍ഥത്തില്‍ നടന്നത്. ഡി.വൈ.എസ്.പിക്കാണ് പോലീസ് വയര്‍ലെസിലൂടെ കണ്ണൂരില്‍ അസഭ്യം കേട്ടത്.

പോലീസ് സ്റ്റേഷനുകളില്‍ ദിവസവും രാവിലെ ജില്ല പോലീസ് മേധാവി വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിയാറുണ്ട്. സ്റ്റേഷനുകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ച പരാതികള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍, അറസ്റ്റുകള്‍, സമന്‍സ് നടപ്പാക്കല്‍ തുടങ്ങിയ വിവരങ്ങളാണ് ഈ ഫോണ്‍വിളിയിലൂടെ കൈമാറുന്നത്.

ജില്ല പോലീസ് മേധാവി ഓഫീസില്‍ ഇല്ലാത്ത സമയത്ത് എ.എസ്.പിയോ ഡി.വൈ.എസ്.പിയോ ആണ് വിളിക്കുക. ഇത്തരത്തില്‍ ഇന്ന് രാവിലെ ഡി.വൈ.എസ്.പി മാലൂര്‍ സ്റ്റേഷനില്‍ വിളിച്ച് വിവരങ്ങള്‍ എടുത്തതിന് ശേഷമാണ് അജ്ഞാതന്‍ അസഭ്യം പറഞ്ഞത്. പ്രാഥമിക അന്വേഷണത്തില്‍, ഏത് പോലീസ് സ്റ്റേഷനിലെ വയര്‍ലെസില്‍ നിന്നാണ് അസഭ്യം പറഞ്ഞതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഷുഹൈബ് വധക്കേസ് അന്വേഷണ സംഘത്തില്‍ അംഗമായ ഡി.വൈ.എസ്.പിയെ ആണ് അസഭ്യം പറഞ്ഞത്.