അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

single-img
10 March 2018

ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമിയെ കാണാനില്ലന്ന് അഭ്യൂഹം. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ബന്ധുക്കള്‍ അവസാനമായി ഷമിയോട് ഫോണില്‍ സംസാരിച്ചത്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാണ്. ഭാര്യ ഹസിന്‍ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ വധശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു.

ഷമിയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് കാണാതാകുന്നത്. അവസാനമായി ഷമി തന്റെ സഹോദരനൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഗാസിയാബാദ് വരെ സഞ്ചരിച്ചതായി വിവരമുണ്ട്. ഗാസിയാബാദിലെ പില്‍കുവയില്‍ വച്ച് 9 മണിയോടെ കാണാതാകുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍.

മാധ്യമങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്ന് ഷമി കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ലാല്‍ ബസാര്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഷമിക്കു മറ്റു സ്ത്രീകളുമായി അതിരുവിട്ട ബന്ധമുണ്ടെന്നും ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ ആരോപണമുണ്ട്. ഹസിന്‍ ജഹാന്റെ പരാതി ജാദവ്പുര്‍ പൊലീസിനു കൈമാറിയതായി ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി പറഞ്ഞു.

ഭാര്യയുടെ പരാതിയുയര്‍ന്നതോടെ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ഏറ്റവും പുതിയ വേതന കരാറില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഷമി തെറ്റുകാരനല്ലെന്നു കണ്ടെത്തിയാല്‍ അദ്ദേഹത്തെ കരാറില്‍ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.