കൂര്‍ക്കം വലി ശല്യമായി; 92കാരിയെ സഹായി മുഖത്ത് തലയിണ അമര്‍ത്തി കൊലപ്പെടുത്തി

single-img
10 March 2018

ന്യൂയോര്‍ക്കില്‍ 92കാരിയെ സഹായി മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി. കൂര്‍ക്കം വലിക്കുന്നത് ശല്യമായതിനെ തുടര്‍ന്നാണ് വെറോനിക്കാ ഇവിന്‍സിനെ കൂടെ താമസിച്ചിരുന്ന സഹായി എന്റിക് ലെയ്വ(47) കൊലപ്പെടുത്തിയത്. സുല്ലിവാന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മന്റെില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

കൊലപാതക കുറ്റം ചുമത്തി എന്റിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയ ശേഷം എന്റിക് തന്നെയാണ് പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിലായ വെറോനിക്കയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ അറുപത് വര്‍ഷമായി ഇതേ അപ്പാര്‍ട്ട്മന്റെിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്. വെറോനിക്കാ ഇവിന്‍സിന്റെ മകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന് സഹായിയായ എന്റിക് സ്ഥിരമായി ഇവരുടെ അപ്പാര്‍ട്ട്മന്റെില്‍ താമസമാക്കുകയായിരുന്നു.