ആസാം-മിസോറാം അതിര്‍ത്തിയില്‍ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകയെ തല്ലിച്ചതച്ചു; നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദമേറ്റതായി ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
10 March 2018


ഗുവാഹത്തി: ആസാം-മിസോറാം അതിര്‍ത്തിയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ പോലീസ് ലാത്തിച്ചാര്‍ജില്‍ തല്ലിച്ചതച്ചതായി പരാതി. ന്യൂസ് 18 ചാനലിന്‍െറ ആസാം-നോര്‍ത്ഈസ്റ്റ് മേഖലയിലെ റിപ്പോര്‍ട്ടര്‍ ആയ എമ്മി സി. ലോബെയ് ആണ് തോളിലും പുറത്തും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്.

തനിക്ക് നേരിട്ട ദുരവസ്ഥ ലോബെയ് ഫെയ്സ്ബുക്കിലൂടെ വിവരിച്ചു. രാവിലെ ആറ് മണിക്ക് ഐസ്വാളില്‍ നിന്ന് മറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പമാണ് ലോബെയ് പ്രതിഷേധം നടന്ന സ്ഥലത്തെത്തിയത്. വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും നില്‍ക്കെ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്

‘‘പോലീസ് ഞങ്ങളെ പിന്തുടര്‍ന്നു. വഴിയിലുള്ള എല്ലാവരെയും അടിച്ചു. ഞാന്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന്. പക്ഷേ അവര്‍ അടിച്ചുകൊണ്ടിരുന്നു. എന്‍െറ കയ്യിലും പുറത്തുമെല്ലാം കഠിനമായ വേദനയാണ് അനുഭവപ്പെട്ടത്. പോലീസ് വെടി വെക്കാനും തുടങ്ങി. ഞാന്‍ ഭയപ്പെട്ട് കാറിന് അടുത്തേക്ക് തിരിച്ചോടി. മറ്റ് മാധ്യമപ്രവര്‍ത്തകരും ഓടുന്നുണ്ടായിരുന്നു. പോലീസ് ഞങ്ങളെ പിന്തുടര്‍ന്ന് അടി തുടര്‍ന്നു. ഞങ്ങള്‍ എത്ര പറഞ്ഞിട്ടും കേട്ടില്ല. ഒരു റിപ്പോര്‍ട്ടര്‍ക്ക് തലയില്‍ അടിയേറ്റു. മറ്റൊരു റിപ്പോര്‍ട്ടര്‍ക്കും പരിക്കേറ്റു. ഞാന്‍ എനിക്ക് പറ്റാവുന്ന വേഗത്തില്‍ ഓടി ആദ്യം കണ്ട കാറില്‍ കയറി. ’’-ലോബെയ് ഫെയ്സ്ബുക്കില്‍ എഴുതി. തങ്ങള്‍ ആരെയാണ് അടിക്കുന്നതെന്ന് പോലീസിന് വ്യക്തമായി അറിയാമായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തി.

മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന സുരക്ഷ പ്രതിസന്ധിയുടെ മറ്റൊരു ഉദാഹരണമാണ് പുതിയ സംഭവം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ത്രിപുരയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചിരുന്നു.