അമേരിക്കയില്‍ വെറ്ററന്‍സ് ഹോമില്‍ ബന്ദിയാക്കപ്പെട്ട മൂന്ന് ജീവനക്കാരും അക്രമിയും കൊല്ലപ്പെട്ടു

single-img
10 March 2018


കാലിഫോര്‍ണിയ: അമേരിക്കയിലെ വിരമിച്ച പട്ടാളക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ വെറ്ററന്‍സ് സപ്പോര്‍ട്ട് ഹോമില്‍ മുന്‍ സൈനികന്‍ മൂന്ന് വനിത ജീവനക്കാരെ ബന്ദികളാക്കി. മണിക്കൂറുകള്‍ നീണ്ട സൈനിക നടപടിക്ക് ശേഷം മൂന്ന് ജീവനക്കാരെയും അക്രമിയെയും മരിച്ച നിലയില്‍ കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെയാണ്(ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി) തോക്കേന്തിയ ആള്‍ വെടിയുതിര്‍ത്ത ശേഷം ജീവനക്കാരെ പിടിച്ചുവച്ചത്. സുരക്ഷസേന കെട്ടിടം വളഞ്ഞതിന് ശേഷം നിരവധി തവണ പുറത്തേക്ക് വെടിവച്ച അക്രമി പക്ഷേ 10.30 ന് ശേഷം പ്രതികരിച്ചില്ല. സുരക്ഷ വിഭാഗം തിരിച്ചുവെടിവക്കുകയും ചെയ്തു. അക്രമിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഒടുവില്‍ വൈകുന്നേരം ആറ് മണിയോടെയാണ് ഒരു മുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെനന് നാപാവാലി കൗണ്ടി ഷെരിഫ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.

വെറ്ററന്‍സ് ഹോമിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ദ പാത്ത് വെ ഹോം’ എന്ന സ്വകാര്യ പദ്ധതിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധത്തിനും ആക്രമണങ്ങള്‍ക്കും ശേഷം മാനസിക സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സൈനികരെ ചികിത്സിക്കുന്ന പദ്ധതിയാണ് ഇത്. ഇവിടെ നിന്ന് പുറത്താക്കപ്പെട്ട ആളാണ് അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു ജീവനക്കാരന്‍ പിരിഞ്ഞുപോകുന്നതിന്‍െറ പാര്‍ട്ടി നടക്കുന്നതിനിടയിലേക്കാണ് തോക്കേന്തിയ അക്രമി അതിക്രമിച്ച് കടന്നത്. കുറച്ചുപേരെ പോകാന്‍ അനുവദിച്ച ഇയാള്‍ ചിലരോട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

വൃദ്ധരായവരും അംഗപരിമിതരുമായ ആയിരക്കണക്കിന് പേരാണ് 1884ല്‍ തുറന്ന ഈ വെറ്ററന്‍സ് ഹോമില്‍ വസിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം മുതലുള്ള സൈനികര്‍ ഇവിടെയുണ്ട്.