ഫ്രഞ്ച് പ്രസിഡന്‍റ് ഇന്ത്യയില്‍; ജസ്റ്റിന്‍ ട്രുഡ്യുവിനെ അവഗണിച്ച നരേന്ദ്ര മോദി ഇമ്മാനുവല്‍ മക്രോണിനെ സ്വീകരിക്കാന്‍ നേരിട്ടെത്തി

single-img
10 March 2018


ന്യൂഡല്‍ഹി: ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ചതുര്‍ദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാത്രി ഇന്ത്യയിലെത്തി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി മക്രോണിനെയും ഭാര്യ ബ്രിജിത് മേരി ക്ലോഡിനെയും സ്വീകരിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യുവിനെ സ്വീകരിക്കാന്‍ കൃഷി മന്ത്രിയെ വിമാനത്താവളത്തിലേക്ക് വിട്ട മോദിയാണ് ഫ്രഞ്ച് പ്രസിഡന്‍റിനെ ഇത്തവണ ആശ്ലേഷത്തോടെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തിപകരുന്നതാകും ഈ സന്ദര്‍ശനമെന്ന് മോദി രാത്രി വൈകി ട്വീറ്റ് ചെയ്യുകയും ചെയ്തു.

രാവിലെ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ച മാക്രോണിനെയും ഭാര്യയെയും രാഷ്ട്രപതി രാം നാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്നിഹിതനായിരുന്നു. തുടര്‍ന്ന് മാക്രോണ്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. രാജ്ഘട്ട് സന്ദര്‍ശിച്ച മാക്രോണ്‍ മഹാത്മ ഗാന്ധിക്ക് പ്രണാമമര്‍പ്പിച്ചു.

ഇന്ന് നരേന്ദ്ര മോദിയുടെയും മാക്രോണിന്‍െറയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടക്കും. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കുറഞ്ഞത് 10 കരാറുകളില്‍ ഒപ്പുവക്കും എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 12 ന് മോദിയുടെ ലോകസഭ മണ്ഡലമായ വാരണാസി മാക്രോണ്‍ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശിലെ മിര്‍സപൂരില്‍ സോളാര്‍ പ്ലാന്‍റിന്‍െറ ഉദ്ഘാടനവും നിര്‍വഹിക്കും.