കണ്ണില്‍ നിന്ന് ഉറുമ്പുകള്‍; ഡോക്ടര്‍മാര്‍ക്ക് അദ്ഭുതമായി 11 വയസുകാരി

single-img
10 March 2018

ബെല്‍ത്തങ്ങാടി സ്വദേശി അശ്വിനിയാണ് ഡോക്ടര്‍മാര്‍ക്ക് അമ്പരപ്പും അദ്ഭുതവും നല്‍കുന്നത്. 11 വയസുകാരിയായ അശ്വിനിയുടെ കണ്ണില്‍ നിന്നും തുടര്‍ച്ചയായി ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നതിന്റെ കാരണം കണ്ടുപിടിക്കാനാകാതെ ധര്‍മ്മസങ്കടത്തിലാണ് ഡോക്ടര്‍മാര്‍.

കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്ന അശ്വിനിക്ക് കടുത്ത വേദന തുടങ്ങി. മാതാപിതാക്കളോട് കാര്യം പറഞ്ഞതോടെ അവര്‍ കണ്ണ് പരിശോധിച്ചു. കണ്ണിനുള്ളില്‍ ഉറുമ്പ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നീക്കം ചെയ്തു. ഉറക്കത്തിനിടയില്‍ ഉറുമ്പ് കണ്ണില്‍പ്പോയാതാകാമെന്നും കരുതി.

കുറച്ച് കഴിഞ്ഞ് അശ്വിനി കണ്ണ് വീണ്ടും വേദനിക്കുന്നുവെന്ന് പരാതി പറഞ്ഞു. തുടര്‍ന്ന് കുട്ടിയെയും കൊണ്ട് ആശുപത്രിയിലെത്തി. കണ്ണില്‍ ഒഴിക്കാനുള്ള മരുന്ന് നല്‍കിയതെിനെ തുടര്‍ന്ന് ഉറുമ്പുകള്‍ ഓരോന്നായി പുറത്തെത്തി തുടങ്ങി. ഏകദേശം അറുപതോളം ഉറുമ്പുകളാണ് പുറത്ത് വന്നത്.

ഉറുമ്പ് പുറത്ത് വരുന്ന സമയം സഹിക്കാന്‍ കഴിയാത്ത നീറ്റലാണ് ഉണ്ടായതെന്ന് അശ്വിനി പറയുന്നു. എന്നാല്‍ ഈ പ്രതിഭാസത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ചെവിയിലൂടെയാകണം ഉറുമ്പുകള്‍ അകത്ത് പ്രവേശിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.