ഇനി മുതല്‍ യാത്ര ചെയ്യാനാകാത്ത ടിക്കറ്റ് റദ്ദാക്കേണ്ട; ട്രെയിന്‍ ടിക്കറ്റ് മറ്റൊരാളുടെ പേര്‍ക്ക് മാറ്റാനുള്ള സംവിധാനവുമായി റയില്‍വേ

single-img
9 March 2018


ന്യൂഡല്‍ഹി: കണ്‍ഫേം ടിക്കറ്റ് കയ്യിലുണ്ടായിട്ടും യാത്ര ചെയ്യാനാകാത്ത സാഹചര്യമുണ്ടായാല്‍ ഇനി റദ്ദാക്കാന്‍ നില്‍ക്കേണ്ട, അതേ ടിക്കറ്റ് ആവശ്യമുള്ള മറ്റൊരാള്‍ക്ക് നല്‍കാം. ഇതിനുള്ള സംവിധാനം അവതരിപ്പിക്കുന്ന കാര്യം റെയില്‍വേ ഒൗദ്യോഗിക വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്കാണ് ടിക്കറ്റിലെ പേര് മാറ്റി നല്‍കാനുള്ള അധികാരം.

ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍:

ഒൗദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിയിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ ബന്ധപ്പെട്ട അധികാരി ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂറിന് മുമ്പ് എഴുതി ആവശ്യപ്പെടണം.

ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂറുകള്‍ക്ക് മുമ്പ്, കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും അഥവ അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ-പേരില്‍ ടിക്കറ്റ് മാറ്റി നല്‍കണമെന്ന് യാത്രക്കാരന് അപേക്ഷ എഴുതി നല്‍കാം.

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒരു വിദ്യാര്‍ഥിയുടെ ടിക്കറ്റ് അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാര്‍ഥിക്ക് മാറ്റി നല്‍കാന്‍ സ്ഥാപന മേധാവി ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറുകള്‍ക്ക് മുമ്പ് എഴുതി ആവശ്യപ്പെടാം.

വിവാഹസംഘത്തിന്‍െറ ഭാഗമായി യാത്ര ചെയ്യേണ്ടിയിരുന്ന ആള്‍ക്ക് തന്‍െറ ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കണമെന്നാണെങ്കില്‍, സംഘത്തെ നയിക്കുന്ന ആള്‍ എന്ന നിലയില്‍ ഒരാള്‍ക്ക് ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഇതിന് അപേക്ഷ നല്‍കാം.

നാഷണല്‍ കേഡറ്റ് സംഘത്തിന്‍െറ ഭാഗമായുള്ള കേഡറ്റിന്‍െറ ടിക്കറ്റ്, സംഘത്തിനെ നയിക്കുന്ന ഓഫീസര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് എഴുതി നല്‍കിയാല്‍ മറ്റൊരു കേഡറ്റിന്‍െറ പേരിലാക്കാം.

ഒരു തവണ മാത്രമായിരിക്കും ഇത്തരത്തില്‍ ടിക്കറ്റ് മാറ്റി നല്‍കുക. അതേസമയം, വിവാഹം, വിദ്യാര്‍ഥികള്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവരുടെ സംഘത്തിലെ ആകെ ടിക്കറ്റുകളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ പേരുടേത് മാറ്റിനല്‍കില്ല.