ജസ്റ്റിസ് കെമാല്‍ പാഷ ഇനി സിവില്‍ കേസ് കേള്‍ക്കും; 22 ജഡ്ജിമാര്‍ക്ക് സ്ഥാനചലനം

single-img
9 March 2018


കൊച്ചി: കേരള ഹൈക്കോടതി ജഡ്മി കെമാല്‍ പാഷ ഉള്‍പ്പെടെ 22 ജഡ്ജിമാര്‍ക്ക് സ്ഥാനമാറ്റം. നിര്‍ണായകമായ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സിവില്‍ ബെഞ്ചിലേക്കാണ് കെമാല്‍ പാഷയെ മാറ്റിയത്. ഈ മാറ്റം പതിവ് നടപടിക്രമത്തിന്‍െറ ഭാഗമാണെന്നാണ് ഹൈക്കോടതി വൃത്തങ്ങള്‍ പറയുന്നത്. ജഡ്ജിമാരുടെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസിന്‍െറ അധികാരമാണ്. ജസ്റ്റിസ് കെമാല്‍ പാഷക്ക് പകരം ജസ്റ്റിസ് എബ്രഹാം മാത്യു ആയിരിക്കും ക്രിമിനല്‍ കേസുകള്‍ ഇനി കേള്‍ക്കുന്നത്.

കഴിഞ്ഞ ദിവസം ഷുഹൈബ് വധക്കേസിലും സഭ ഭൂമി ഇടപാട് കേസിലും നിര്‍ണായക വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് കെമാല്‍ പാഷക്ക് സ്ഥാനമാറ്റം ഉണ്ടാകുന്നത്. പിണറായി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ടത് ഇദ്ദേഹമാണ്.

ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ആ കേസിലും കടുത്ത വിമര്‍ശനം അദ്ദേഹത്തിന്‍െറ ഭാഗത്തുനിന്നുണ്ടായി. വേനല്‍ അവധിക്കായി ഹൈക്കോടതി ഏപ്രിലില്‍ അടയ്ക്കാനിരിക്കെയാണ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.