ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അനായാസ ജയം

single-img
9 March 2018


കൊളംബോ: ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റിന്‍െറ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് ലക്ഷ്യം 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധശതകം നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍െറ മികവാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 43 പന്തില്‍ 55 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 17 റണ്‍സുമായി നാലാം ഓവറില്‍ തന്നെ മടങ്ങി. പിന്നാലെ റിഷഭ് പന്ത്(ഏഴ്) വീണു. തുടര്‍ന്ന് സുരേഷ് റെയ്നയെ കൂട്ടുപിടിച്ചാണ് ധവാന്‍ സ്കോര്‍ ഉയര്‍ത്തിയത്. ഇന്ത്യന്‍ സ്കോര്‍ 100 റണ്‍സ് കടന്നതും ഈ കൂട്ടുകെട്ടിന്‍െറ മികവിലാണ്. റെയ്ന 28 റണ്‍സുമായി വീണതിന് പിന്നാലെ എത്തിയ മനീഷ് പാണ്ഡെ ധവാന് മികച്ച കൂട്ടാകുമെന്ന ഘട്ടത്തില്‍ ഇന്ത്യക്ക് ഓപ്പണറെ തന്നെ നഷ്ടമായി. ജയം 17 റണ്‍സ് അകലെ നില്‍ക്കെയാണ് ധവാന്‍ തസ്കിന്‍ അഹമ്മദിന്‍െറ പന്തില്‍ വീണത്. ശേഷം ദിനേശ് കാര്‍ത്തിക്കിനെ ഒരറ്റം നിര്‍ത്തി പരിക്കുകളൊന്നും കൂടാതെ പാണ്ഡെ ഇന്ത്യക്ക് ജയം സമ്മാനിച്ചു. പുറത്താകാതെ 19 പന്തില്‍ 27 റണ്‍സാണ് പാണ്ഡെ എടുത്തത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് മുന്നില്‍ ലിറ്റന്‍ ദാസും(34) സബ്ബിര്‍ റഹ്മാനും(30) നടത്തിയ ബാറ്റിങ്ങാണ് ബംഗ്ലാദേശിന് ആശ്വാസമായത്. എട്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി ജയദേവ് ഉനദ്കട് മൂന്നും വിജയ് ശങ്കര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.