ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

single-img
9 March 2018

ബംഗളൂരു: നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശി ശ്രുതി ഗോപിനാഥ്(24) മരിച്ച മലയാളി വിദ്യാര്‍ഥിനി. ഹര്‍ഷ ശ്രീവാസ്തവ(24),റാഞ്ചി സ്വദേശി ആര്‍ഷിയ കുമാര്‍(23) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ഥിനികളാണ് ഇവര്‍. ഹര്‍ഷയുടെ പിതാവ് വി.എസ്.എസ്.സി ഉദ്യോഗസ്ഥനായതിനാല്‍ കുടുംബം തിരുവനന്തപുരത്താണ് താമസം.

പവിത്ര, പ്രവീണ്‍ എന്നീ വിദ്യാര്‍ഥികള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോളേജിലേക്കുള്ള യാത്രാമധ്യേ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ ഫോണ്‍ കാര്‍ ഓടിച്ചിരുന്ന പ്രവീണ്‍ എടുക്കാന്‍ ശ്രമിക്കവേ നിയന്ത്രണം തെറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.