132 വര്‍ഷം പഴക്കമുള്ള ‘കുപ്പി സന്ദേശം’ തീരത്തടിഞ്ഞു

single-img
9 March 2018


പെര്‍ത്ത്: 132 വര്‍ഷം പഴക്കമുള്ള കുപ്പി സന്ദേശം ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്തടിഞ്ഞു. കടലിന്റെ വ്യതിയാനങ്ങളറിയാന്‍ കടലാസ് കഷണങ്ങളില്‍ സന്ദേശമെഴുതി കുപ്പിയിലാക്കി കടലിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ടോണിയ ഇല്‍മാന്‍ എന്ന സ്ത്രീക്കാണ് ഈ കുപ്പി ലഭിച്ചത്.

ജനുവരിയിലാണ് ടോണിയയ്ക്ക് ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് കൂടി നടക്കുന്നതിനിടയില്‍ കുപ്പി ലഭിച്ചത്. കടുംപച്ച നിറത്തിലുള്ള ചില്ലുകുപ്പിയിലാണ് സന്ദേശമുള്ളത്. 9 ഇഞ്ചില്‍ താഴെ മാത്രം നീളവും മൂന്ന് ഇഞ്ച് വീതിയുമാണ് കുപ്പിക്കുള്ളത്.

കുപ്പി കണ്ട കൗതുകത്തില്‍ ഇതെന്താണെന്ന് പല വട്ടം നോക്കിയെങ്കിലും ടോണിയയ്ക്ക് ഒരു പിടിയും കിട്ടിയില്ല. പക്ഷെ കുപ്പിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് ടോണിയയ്ക്ക് മനസിലായി. കുപ്പിയുമായി അധികൃതരെ സമീപിച്ചു. നിരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ഓസ്‌ട്രേലിയയിലെ പടിഞ്ഞാറന്‍ മ്യൂസിയമാണ് കുപ്പിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 1886ല്‍ കുപ്പിയിലാക്കി നിക്ഷേപിച്ച സന്ദേശമാണിതത്രേ.

ജര്‍മ്മന്‍ ഭാഷയിലുള്ള സന്ദേശമാണ് കുപ്പിക്കുള്ളിലെ കടലാസിലുള്ളത്. 1882 ജൂണ്‍ 12 എന്നും പൗള എന്ന കപ്പലിന്റെ പേരും കടലാസില്‍ കുറിച്ചിട്ടുണ്ട്. ജര്‍മ്മന്‍ നാവിക നിരീക്ഷണ പദ്ധതിയുടെ ഭാഗമായിരുന്ന പൗള കപ്പലില്‍ നിന്നുള്ള സന്ദേശമാണിതെന്നാണ് നിഗമനം. കടലിന്റെ വ്യതിയാനങ്ങളറിയാന്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് കുപ്പികളിലാക്കിയ സന്ദേശങ്ങള്‍ കടലില്‍ നിക്ഷേപിച്ചിരുന്നതായാണ് കരുതപ്പെടുന്നത്.