ബിജെപിക്ക് വീണ്ടും തിരിച്ചടി: എന്‍.ഡി.എയോട് ‘ഗുഡ്‌ബൈ പറഞ്ഞ്’ ടി.ഡി.പി മന്ത്രിമാര്‍

single-img
8 March 2018


അമരാവതി: ആന്ധ്ര പ്രദേശിന് പ്രത്യേക പദവിക്ക് തുല്യമായ സാമ്പത്തിക സഹായം നല്‍കാം എന്ന കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വാഗ്ദാനവും ഫലവത്തായില്ല. തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ മുന്നണിയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കുന്നു. ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ബുധനാഴ്ച രാത്രി വൈകിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും സംസ്ഥാന മന്ത്രിമാരും പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളായ സിവില്‍ ഏവിയേഷന്‍ മന്ത്രി എ.ഗണപതി രാജു, ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി വൈ.എസ്.ചൗധരി എന്നിവര്‍ ഇന്ന് രാജിവക്കും. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

നാല് വര്‍ഷമായി ക്ഷമയോടെ കാത്തിരിക്കുകയാണെന്നും എന്നാല്‍, കേന്ദ്രത്തിന് തങ്ങളെ കേള്‍ക്കാനുള്ള താത്പര്യം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനാവശ്യമായതും അര്‍ഹതയില്ലാത്തതുമാണ് ആന്ധ്ര ചോദിക്കുന്നത് എന്ന രീതിയിലാണ് ജെയ്റ്റ്ലി സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഏകപക്ഷീയ തീരുമാനമെടുക്കുകയാണെന്നും മുന്നണിയില്‍ ചേരാനുള്ള കാരണം തന്നെ പൂര്‍ത്തീകരിക്കാതെ വരുമ്പോള്‍ രാജിവക്കുന്നതാണ് നല്ലതെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ഏറെ ശ്രമിച്ചിട്ടും പ്രത്യേക പദവി എന്ന ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാകും എന്നതാണ് പുതിയ നീക്കത്തിലൂടെ ടി.ഡി.പി കണക്കുകൂട്ടുന്നത്. 2019ല്‍ ആന്ധ്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കം.