ഐലീഗ്: കന്നിക്കിരീടം ചൂടി മിനെര്‍വ; ഗോകുലത്തിന് സൂപ്പര്‍കപ്പിലേക്ക് നേരിട്ട് യോഗ്യത ഇല്ല

single-img
8 March 2018


ചണ്ഡീഗഡ്: ഇന്ത്യന്‍ ഫുട്ബാളിന്‍െറ പുതിയ രാജാക്കന്മാരായി മിനെര്‍വ പഞ്ചാബിന് കിരീടധാരണം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ 1-0ത്തിന് തോല്‍പ്പിച്ചതോടെ ഐ ലീഗില്‍ ആദ്യമായി മിനെര്‍വ ചാമ്പ്യന്‍മാരായി. ജെ.സി.ടി ഫഗ്വാരയ്ക്ക് ശേഷം ഇന്ത്യന്‍ ഫുട്ബാളിന്‍െറ തലപ്പത്തെത്തുന്ന ആദ്യ പഞ്ചാബ് ടീമാണ് മിനെര്‍വ. വില്യം ഒപോകുവിന്‍െറ 15ാം മിനിറ്റ് ഗോളിലാണ് നെറോക എഫ്.സി, മോഹന്‍ ബഗാന്‍, ഈസ്റ്റ്ബംഗാള്‍ ടീമുകളെ മറികടന്ന് പഞ്ചാബി കരുത്ത് കിരീടം ഉറപ്പിച്ചത്. 18 മത്സരങ്ങളില്‍ നിന്ന് 35 പോയിന്‍റുമായാണ് മിനെര്‍വ ഒന്നാമതെത്തിയത്.

ഇരുഭാഗക്കാരുടെയും പതിഞ്ഞ തുടക്കത്തിന് ശേഷം മിനെര്‍വ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ചര്‍ച്ചിലില്‍ ഡിഫന്‍സിന്‍െറ പതര്‍ച്ച മുതലെടുത്താണ് പോയിന്‍റ് ബ്ലാങ്കില്‍ നിന്ന് വില്യം ഒപോകോ വല കുലുക്കിയത്. മറുവശത്ത് മിനെര്‍വയുടെ ഗോള്‍മുഖത്ത് അപകടമുണ്ടാക്കുന്ന നീക്കങ്ങള്‍ നടത്താന്‍ ചര്‍ച്ചിലിന് പലപ്പോഴും കഴിഞ്ഞില്ല.

മോഹന്‍ബഗാനെതിരായ അവസാന മത്സരത്തില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള ഗോകുലം കേരള എഫ്.സിയുടെ മോഹം പൊലിഞ്ഞു. 18 മത്സരങ്ങളില്‍ നിന്ന് 21 പോയന്‍റുമായി ഏഴാം സ്ഥാനത്താണ് ഗോകുലം ഉള്ളത്. ആറാം സ്ഥാനം വരെ ഉള്ളവര്‍ക്കാണ് നേരിട്ട് യോഗ്യത. ഇനി യോഗ്യത മത്സരങ്ങള്‍ കളിച്ചുവേണം സൂപ്പര്‍ കപ്പില്‍ എത്താന്‍.

മിനെര്‍വക്ക് ഭീഷണിയുമായി തൊട്ടുപിറകെ ഉണ്ടായിരുന്ന നെറോക ഈസ്റ്റ് ബംഗാളുമായി 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ 32 പോയിന്‍റുമായി രണ്ടാം സ്ഥാനത്തായി. 31 പോയന്‍റ് വീതമുള്ള കൊല്‍ക്കത്ത കരുത്തരായ മോഹന്‍ ബഗാനും ഈസ്റ്റ്ബംഗാളും യഥാക്രമം മൂന്നാമതും നാലാമതുമാണ്. ഐസ്വാള്‍(24 പോയന്‍റ്), ഷില്ലോങ് ലജോങ്(22 പോയന്‍റ്) എന്നീ ടീമുകളാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.