ദാവൂദ് ഇബ്രാഹിമിന്‍െറ അടുത്ത അനുയായിയെ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു; ഇന്ന് കോടതിയില്‍ ഹാജരാക്കും

single-img
8 March 2018


മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍െറ അടുത്ത അനുയായിയും 1993ലെ മുംബൈ സ്ഫോടനക്കേസില്‍ പ്രതിയുമായ ഫാറൂഖ് തക്ലയെ യു.എ.ഇ ഇന്ത്യക്ക് കൈമാറി. ഇയാളെ ബുധനാഴ്ച ഇന്ത്യയിലെത്തിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സി.ബി.ഐ കസ്റ്റഡിയില്‍ നിലവില്‍ ചോദ്യം ചെയ്യുന്ന തക്ലയെ മുംബൈയിലെ ടാഡ കോടതിയില്‍ ഇന്ന് ഹാജരാക്കും. ക്രിമിനല്‍ ഗൂഡാലോചന, കൊലപാതകം, വധശ്രമം, ആയുധം കൊണ്ട് മനപൂര്‍വം പരിക്കേല്‍പ്പിക്കല്‍, തുടങ്ങിയ നിരവധി കുറ്റങ്ങളാണ് തക്ലക്കെതിരെയുള്ളത്. 1995 ലാണ് ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

ദാവൂദ് ഇബ്രാഹിമിന്‍െറ സംഘത്തിനേറ്റ വലിയ അടിയെന്നാണ് തക്ലയുടെ അറസ്റ്റിനെ സീനിയര്‍ അഭിഭാഷകന്‍ ഉജ്വല്‍ നികം വിശേഷിപ്പിച്ചത്. ദാവൂദിന് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ താത്പര്യമുണ്ടായിരുന്നതായി കഴിഞ്ഞ ദിവസമാണ് ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കേസ്വാനി കോടതിയില്‍ പറഞ്ഞത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ നിബന്ധനകള്‍ അംഗീകരിക്കപ്പെടാതെ വന്നതോടെയാണ് ഇത് നടക്കാതെ വന്നതെന്നാണ് കേശ്വാനി വ്യക്തമാക്കിയത്.