തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് പിഴച്ചു; പാര്‍ട്ടി ഓഫീസിനും ബ്രാഹ്മണര്‍ക്കും നേരെ ആക്രമണം, എച്ച്.രാജക്ക് പശ്ചാത്താപം

single-img
7 March 2018


ചെന്നൈ: ത്രിപുരയിലെ വിജയത്തില്‍ ഹരം കയറി തമിഴ്നാട്ടില്‍ തങ്ങളുടെ നിലപാടുകള്‍ നടപ്പാക്കാമെന്ന മോഹമുണ്ടായതില്‍ ബി.ജെ.പിക്ക് പിഴച്ചു. ഇ.വി. രാമസ്വാമി എന്ന പെരിയാറിന്‍െറ പ്രതിമ തകര്‍ക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുകയും വെല്ലൂരില്‍ ഒരു പ്രവര്‍ത്തകന്‍ അത് നടപ്പാക്കുകയും ചെയ്തതിന് പിന്നാലെ ബി.ജെ.പിയുടെ ഓഫീസിന് നേരെ ആക്രമണം. ചെന്നൈ തിരുവെള്ളിക്കേനി മേഖലയില്‍ ബ്രാഹ്മണര്‍ക്ക് നേരെ വ്യാപക ആക്രമണവുമുണ്ടായി. രാമസ്വാമി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി ബൈക്കുകളില്‍ വന്നവരാണ് ബ്രാഹ്മണരെ ആക്രമിക്കുകയും പൂണൂല്‍ പൊട്ടിക്കുകയും ചെയ്തത്. സംഭവത്തില്‍ നാല് പേര്‍ പോലീസില്‍ കീഴടങ്ങിയെങ്കിലും പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കോയമ്പത്തൂരില്‍ ആണ് ബി.ജെ.പി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. അജ്ഞാതര്‍ ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇതേ തുടര്‍ന്ന്, ബി.ജെ.പി നാഷണല്‍ സെക്രട്ടറി എച്ച്. രാജ ഫെയ്സ്ബുക്ക് പേജിലൂടെ ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസം ഈ പേജിലാണ് പെരിയാറിന്‍െറ പ്രതിമ തകര്‍ക്കുമെന്ന് ഭീഷണിമുഴക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വന്‍ പ്രതിഷേധമാണ് ഇതിലൂടെ ഉയര്‍ന്നത്. രാജയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വെല്ലൂരില്‍ പെരിയാറിന്‍െറ പ്രതിമ തകര്‍ത്തതിന് അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആര്‍.മുത്തുരാമനെ ബി.ജെ.പി പുറത്താക്കി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് തമിഴിസൈ സൗന്ദര്‍രാജന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പോലീസിനോട് ആവശ്യമായ നടപടിയെടുക്കാന്‍ ആവശ്യപ്പെടണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ എ.പി സൂര്യപ്രകാശം സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു കോടതി. പെരിയാറിന്‍െറ പ്രതിമകള്‍ക്ക് സുരക്ഷ ഏര്‍പ്പാടാക്കിയതായും വെല്ലൂരിലെ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് കോടതിയെ ബോധിപ്പിച്ചു.