ദാവൂദ് ഇബ്രാഹിമിനോട് ഫോണില്‍ സംസാരിച്ചെന്ന് സഹോദരന്‍; ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ജഡ്ജ്

single-img
7 March 2018


മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനോട് ഫോണില്‍ സംസാരിച്ചിരുന്നതായി അറസ്റ്റിലായ സഹോദരന്‍ ഇഖ്ബാല്‍ കസ്കര്‍. താനെയില്‍ കോടതിയിലാണ് കസ്കര്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ദാവൂദിന്‍െറ ഫോണ്‍ നമ്പര്‍ പറയാന്‍ ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍, ഫോണില്‍ നമ്പര്‍ ഒന്നും തെളിയാറില്ല എന്നായിരുന്നു മറുപടി. തന്‍െറ സഹോദരന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും കസ്കര്‍ കോടതിയില്‍ പറഞ്ഞു.

ദാവൂദ് ഇന്ത്യയിലേക്ക് വരാന്‍ മുമ്പ് തയാറായിരുന്നതായി കസ്കറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം കേശ്വാനി കോടതിയില്‍ വെളിപ്പെടുത്തി. എന്നാല്‍, ദാവൂദ് മുന്നോട്ട് വച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇത് സാധ്യമായില്ല. മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനിയാണ് ദാവൂദിനും സര്‍ക്കാരിനും മധ്യേ ഇടനിലക്കാരനായത്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ തടവില്‍ പാര്‍പ്പിക്കണമെന്നതായിരുന്നു ദാവൂദിന്‍െറ ആവശ്യമെന്ന് അഭിഭാഷകന്‍ വിശദമാക്കി.

പണാപഹരണക്കേസില്‍ ഇഖ്ബാല്‍ കസ്കറെ മാര്‍ച്ച് ഒമ്പത് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലെ ബോറിവലിയില്‍ വസ്തു വാങ്ങിയ ശ്യാം സുന്ദര്‍ അഗര്‍വാള്‍ എന്നയാളെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടുകയും വസ്തു മറ്റൊരാളുടെ പേരിലാക്കാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തതാണ് കേസ്.