പ്രധാനമന്ത്രിയെ ‘‘ബഹുമാനപ്പെട്ട’ ചേര്‍ത്ത് അഭിസംബോധന ചെയ്തില്ല, ബി.എസ്.എഫ് ജവാന് നഷ്ടം ഏഴ് ദിവസത്തെ ശമ്പളം

single-img
7 March 2018


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനൊപ്പം ‘ബഹുമാനപ്പെട്ട’ എന്നോ ‘ശ്രീ’ എന്നോ ചേര്‍ക്കാത്തതിന് ബി.എസ്.എഫ് ജവാന് പിഴ ശിക്ഷ. മോദിയോട് അനാദരവ് കാണിച്ചു എന്നാരോപിച്ച് ഏഴ് ദിവസത്തെ ശമ്പളമാണ് പിഴയായി ഒടുക്കാന്‍ സേന ജവാനോട് ആവശ്യപ്പെട്ടത്.

ഫെബ്രുവരി 21ന് പശ്ചിമബംഗാളിലെ നദിയയിലെ മഹത്പൂരില്‍ ബി.എസ്.എഫ് 15 ബറ്റാലിയന്‍ ആസ്ഥാനത്ത് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സഞ്ജീവ് കുമാര്‍ എന്ന കോണ്‍സ്റ്റബിളിനാണ് ശിക്ഷ നേരിടേണ്ടിവന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സീറോ പരേഡില്‍ റിപ്പോര്‍ട്ട് ചെയ്യവേ ‘മോദി പ്രോഗ്രാം’ എന്ന പറഞ്ഞതിനാണ് ശിക്ഷ. എല്ലാ ദിവസവും രാവിലെ യൂണിറ്റ് അംഗങ്ങള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി ഹാജര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് സീറോ പരേഡ്.

ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസറായ കമാന്‍ഡന്‍റ് അനുപ് ലാല്‍ ഭഗത് ആണ് അച്ചടക്ക നടപടിക്ക് തുടക്കമിട്ടത്. ബി.എസ്.എഫ് ആക്ടില്‍ അച്ചടക്കം ഉറപ്പാക്കുന്ന സെക്ഷന്‍ 40 പ്രകാരം സഞ്ജീവ് കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി സേന അറിയിച്ചു. അതേസമയം, ബി.എസ്.എഫിലെ ചില മുതിര്‍ന്ന ഓഫീസര്‍മാര്‍ അനാവശ്യ ശിക്ഷ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.