ബി.സി.സി.ഐ വാര്‍ഷികക്കരാര്‍: ധോണിയും അശ്വിനും ഉയര്‍ന്ന ഗ്രേഡിലില്ല

single-img
7 March 2018


ന്യൂഡല്‍ഹി: ബി.സി.സി.ഐ പുതിയ വാര്‍ഷികക്കരാര്‍ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ഓഫ് സ്പിന്നര്‍ ആര്‍.അശ്വിനും ഉയര്‍ന്ന ഗ്രേഡില്‍ ഇടം പിടിച്ചില്ല. ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരങ്ങള്‍ക്കായി എ പ്ലസ് എന്ന പുതിയ കാറ്റഗറി ബി.സി.സി.ഐ അവതരിപ്പിച്ചു. ഇതിലാണ് ധോണിയും അശ്വിനും ഉള്‍പ്പെടാത്തത്. വന്‍ പ്രതിഫല വര്‍ധനവാണ് ഇത്തവണ താരങ്ങള്‍ക്ക് ലഭിക്കുന്നത്. ഒക്ടോബര്‍ 2017 മുതല്‍ സെപ്റ്റംബര്‍ 2018 വരെയാണ് പുതിയ കരാര്‍ കാലാവധി.

ക്യാപ്റ്റന്‍ വിരാട് കോലി, ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. ഏഴ് കോടി രൂപയാണ് ഈ ഗ്രേഡില്‍ താരങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുക.

ധോണിയും അശ്വിനും എ ഗ്രേഡില്‍ തുടരുന്നു. രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവരും കൂടി ഉള്‍പ്പെടുന്ന എ ഗ്രേഡില്‍ അഞ്ച് കോടി രൂപയാണ് പ്രതിഫലം. ഭാര്യ അവിഹിത ബന്ധവും ഗാര്‍ഹിക പീഡനവും ആരോപിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ഷമിയെ കരാറില്‍ ഉള്‍പ്പെടുത്തിയില്ല. യുവരാജ് സിങ്ങും റിഷഭ് പന്തും കരാറില്‍ നിന്ന് പുറത്തായി. സുരേഷ് റെയ്ന തിരിച്ചെത്തി.

ബി ഗ്രേഡില്‍ ലോകേഷ് രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഹാര്‍ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക് എന്നിവരാണുള്ളത്. മൂന്നു കോടി രൂപ ഈ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ലഭിക്കും. കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍, സുരേഷ് റെയ്ന, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡില്‍.

കഴിഞ്ഞ വര്‍ഷം വരെ ഏറ്റവും ഉയര്‍ന്ന വിഭാഗമായിരുന്ന എ ഗ്രേഡിന് രണ്ട് കോടി രൂപയായിരുന്നു പ്രതിഫലം. 350 ശതമാനത്തിന്‍െറ വര്‍ധനയാണ് ഇത്തവണത്തെ എ പ്ലസ് ഗ്രേഡ് താരങ്ങളുടെ പ്രതിഫലമായ ഏഴ് കോടി. ബി ഗ്രേഡിന് ഒരു കോടിയും സി ഗ്രേഡിന് 50 ലക്ഷവുമായിരുന്നു പഴയ കരാറില്‍. മൂന്നു ഫോര്‍മാറ്റിലും മികച്ച നിലയില്‍ കളിക്കുന്ന താരങ്ങള്‍ക്കാണ് എ പ്ലസ് ഗ്രേഡ്. ഒരു ഫോര്‍മാറ്റില്‍ എങ്കിലും പരിഗണിക്കാന്‍ കഴിയുന്ന മികവ് കണക്കിലെടുത്താണ് ബി ഗ്രേഡ് നിശ്ചയിച്ചിരിക്കുന്നത്. ഇടക്കിടെ ഏത് ഫോര്‍മാറ്റിലും ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ പ്രകടനം നടത്തി വരുന്ന താരങ്ങള്‍ ബി ഗ്രേഡിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യക്കായി ഒരു മത്സരത്തില്‍ എങ്കിലും കളിച്ചിട്ടുള്ളവര്‍ സി ഗ്രേഡിലും ഉള്‍പ്പെടുന്നു.

ആഭ്യന്തര താരങ്ങള്‍ക്കും സന്തോഷകരമായ വാര്‍ത്തയുമായാണ് ഇത്തവണ കരാര്‍ എത്തിയത്. ആഭ്യന്തര ക്രിക്കറ്റ് മത്സര ഇലവനില്‍ ഇടം പിടിക്കുന്ന കളിക്കാര്‍ക്ക് ചതുര്‍ദിന മത്സരത്തിന് ഒരു ദിവസം 35,000 രൂപ വച്ച് ലഭിക്കും. ഇതോടെ 40,000 രൂപ ആയിരുന്ന മാച്ച് ഫീ 1.40 ലക്ഷമായി മാറും. ഇതിനൊപ്പം ടിവി സംപ്രേക്ഷണാവകാശത്തിലൂടെ ലഭിക്കുന്ന പ്രതിഫലം കൂടി ചേരുമ്പോള്‍ ഒരു മത്സരത്തിന് മൂന്ന് ലക്ഷം വരെയാകും ആകെ ലഭിക്കുന്ന തുക.

വനിതകള്‍ക്കായുള്ള കരാറില്‍ ലോകകപ്പ് താരങ്ങളായ മിതാലി രാജ്, ജൂലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദന എന്നിവര്‍ക്ക് 50 ലക്ഷത്തിന്‍െറ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് ലഭിച്ചു.