ഭൂമി ഇടപാടില്‍ വീഴ്ച സമ്മതിച്ച് സഭ സിനഡ്

single-img
6 March 2018


കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ വിവാദമായ ഭൂമി ഇടപാടില്‍ വീഴ്ച ഉണ്ടായതായി സീറോ മലബാര്‍ സഭ സിനഡ്. ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി ചേര്‍ന്ന സഭ സിനഡിലാണ് വീഴ്ച സമ്മതിച്ചത്.

ഭൂമി വിറ്റ് ലഭിച്ച പണം അക്കൗണ്ടില്‍ വരവുവയ്ക്കുന്നതില്‍ വീഴ്ചയുണ്ടായി. സഭക്ക് സാമ്പത്തിക നഷ്ടമുണ്ടായി. കടം വീട്ടുന്നതിനാണ് ഭൂമി വിറ്റത്. എന്നാല്‍, സഭയുടെ വീഴ്ചക്ക് ഇടനിലക്കാരും മറ്റ് ചിലരും കൂട്ടുനിന്നതായി സിനഡ് വ്യക്തമാക്കി. എല്ലാ നിയമങ്ങളും പാലിച്ചാണ് ഭൂമി ഇടപാട് നടത്തിയതെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലാണ് ആധാരത്തില്‍ ഒപ്പിട്ടതെന്നും കര്‍ദിനാള്‍ സിനഡില്‍ പറഞ്ഞു. എല്ലാ നിയമങ്ങളും പാലിക്കുകയും കാനോനിക സമതികളോട് ആലോചിച്ചുമാണ് ഭൂമി ഇടപാട് നടത്തിയതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.

കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളും. അതേസമയം, കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കര്‍ദിനാള്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.