‘‘എം.ജി.ആറിനെപ്പോലെ ഭരിക്കും’’; തമിഴക പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പായി രജനീകാന്തിന്‍െറ കന്നി രാഷ്ട്രീയ പ്രസംഗം

single-img
6 March 2018


ചെന്നൈ: തമിഴകത്തെ വന്‍ പാര്‍ട്ടികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പുമായി നടന്‍ രജനീകാന്തിന്‍െറ ആദ്യ രാഷ്ട്രീയ പ്രസംഗം. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് എം.ജി.ആറിന്‍െറ പാരമ്പര്യം തന്നെ പിടിച്ചെടുക്കുമെന്ന സൂചനയാണ് സ്റ്റൈല്‍മന്നന്‍െറ സംസാരത്തിലുയര്‍ന്നത്. സംസ്ഥാനത്ത് ജെ.ജയലളിതയുടെ മരണവും എം.കരുണാനിധിയുടെ വിരമിക്കലും ഒഴിച്ചിട്ട നേതൃനിര താന്‍ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഞാന്‍ എം.ജി.ആര്‍ അല്ല, എന്നാല്‍, എം.ജി.ആറിന്‍േറത് പോലുള്ള ഭരണം നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയും, പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഭരണം.’’-എം.ജി.ആര്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ രജനി പറഞ്ഞു. 30ാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സ്ഥാപനത്തിന്‍െറ സ്ഥാപകനും മുന്‍ എ.ഐ.എ.ഡി.എം.കെ ലോകസഭ അംഗവുമായ എ.സി.ഷണ്മുഖം സംഘടിപ്പിച്ച പരിപാടിയായിരുന്നു വേദി. ഇവിടെ രാഷ്ട്രീയം സംസാരിക്കണമെന്ന് കരുതിയില്ലെങ്കിലും തന്‍െറ സുഹൃത്ത് കൂടിയായ ഷണ്മുഖമാണ് അതിന് വഴിതെളിച്ചതെന്ന് രജനികാന്ത് പറഞ്ഞു.

ജയലളിത കാരണമാണ് താന്‍ രാഷ്ട്രീയ പ്രവേശനം വൈകിപ്പിച്ചതെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.‘‘ നിങ്ങളെ 1996 ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. ഞാന്‍ ഭയപ്പെട്ടിരുന്നെങ്കില്‍ അന്ന് അവരെ എതിര്‍ക്കില്ലായിരുന്നു. ജയലളിതയും കലൈഞ്ജര്‍ കരുണാനിധിയും മഹത്തായ നേതാക്കളായിരുന്നു. എന്നാല്‍, സിംഹാസനം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഞാന്‍ ആ സ്ഥാനം നികത്തും. ദൈവം നമ്മുടെ കൂടെയാണ്.’’

അതേസമയം, തമിഴ് ഭാഷയെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തമായി, ചെറുപ്പക്കാരോട് ഇംഗ്ലീഷ് പഠിക്കാന്‍ രജനീകാന്ത് ആഹ്വാനം ചെയ്തു. ‘‘എല്ലാ രംഗത്തും വിജയിക്കുന്നതിന് നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ മികവുണ്ടാകണം. ആ ഭാഷ പഠിക്കുക. തമിഴ് മാത്രം സംസാരിച്ചാല്‍ ഭാഷ വളരില്ല. ഭാഷ വളരാന്‍ നിങ്ങള്‍ വളരണം. ’’-അദ്ദേഹം പറഞ്ഞു. ടെക്നോളജിയും വിദഗ്ധാഭിപ്രായങ്ങളും ചേര്‍ത്ത് എം.ജി.ആറിന്‍േറത് പോലെ മികച്ച ഭരണം നടത്തുമെന്ന് രജനി ഉറപ്പുനല്‍കി.

തന്‍െറ ജീവിതത്തില്‍ എം.ജി.ആറിനുള്ള വലിയ സ്ഥാനവും രജനികാന്ത് വിവരിച്ചു.‘‘ലതയുമായുള്ള എന്‍െറ വിവാഹം എം.ജി.ആര്‍ ഇല്ലായിരുന്നെങ്കില്‍ സാധിക്കില്ലായിരുന്നു. രാഘവേന്ദ്ര കല്യാണമണ്ഡപവും അദ്ദേഹമില്ലാതെ എനിക്ക് നിര്‍മ്മിക്കാന്‍ കഴിയില്ലായിരുന്നു. 1978ല്‍ മാനസികമായി തകര്‍ന്ന് ഞാന്‍ രണ്ട് മാസം ആശുപത്രിയിലായപ്പോള്‍, ഞാന്‍ സുഖംപ്രാപിച്ച് തിരിച്ചുവരുന്നു എന്നത് ഉറപ്പുവരുത്താനും മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്‍ ഉണ്ടായിരുന്നു.’’ അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഓരോ മിനിറ്റിലും എം.ജി.ആറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിറച്ച രജനിക്ക് നിര്‍ത്താത്ത കൈയടിയാണ് സദസ് നല്‍കിയത്.