രണ്ടുസീറ്റ് മാത്രമുള്ള ബി.ജെ.പിയെ വേണ്ടെന്ന് സഖ്യകക്ഷി: മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങുന്ന ബിജെപി പ്രതിസന്ധിയില്‍

single-img
6 March 2018

ഷില്ലോങ്: മേഘാലയയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി നിയുക്ത മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മക്കും സഖ്യകക്ഷിയായ ബി.ജെ.പിക്കും അവസാന നിമിഷം അപ്രതീക്ഷിത തലവേദന. മുന്നണിയില്‍ അംഗമായ ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്.എസ്.പി.ഡി.പി) ബി.ജെ.പിയെയും കൊണ്‍റാഡ് സാങ്മയെയും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടുമായി രംഗത്തെത്തി.

സംസ്ഥാനത്ത് രണ്ട് സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പി, മറ്റ് പാര്‍ട്ടികളെ കൂട്ടുപിടിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ ഒതുക്കിയതിന് പിന്നാലെയാണ് സ്വന്തം പാളയത്തില്‍ നിന്ന് തന്നെയുള്ള പടയൊരുക്കം.ലോകസഭാംഗമായ കോണ്‍റാഡ് സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് സഖ്യകക്ഷികളോട് ആലോചിക്കാതെ ആണെന്ന് എച്ച്.എസ്.പി.ഡി.പി പ്രസിഡന്‍റ് ആര്‍ഡെന്‍റ് ബസൈവ്മോയിറ്റ് കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് കോണ്‍ഗ്രസും ബി.ജെ.പിയും അല്ലാത്ത ഭരണമാണ് വേണ്ടതെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികള്‍ ചേരുമ്പോള്‍ തന്നെ ആവശ്യത്തിനുള്ള അംഗസംഖ്യ വരുമ്പോള്‍ ബി.ജെ.പിയുടെ ആവശ്യമില്ലെന്നതാണ് പാര്‍ട്ടി നിലപാടെന്നും ബസൈവ്മോയിറ്റ് പറഞ്ഞു.

മുന്നണിയിലെ മറ്റൊരു കക്ഷിയായ യു.ഡി.പി ആണ് സാങ്മയെ മുഖ്യമന്ത്രിയാക്കാന്‍ നിലപാടെടുത്തതെന്ന് ബസൈവ്മോയിറ്റ് ആരോപിച്ചു. യു.ഡി.പി പ്രസിഡന്‍റ് ഡോന്‍കുപര്‍ റോയിയുടെ വസതിയിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

പ്രെസ്റ്റോണ്‍ ടിന്‍സോങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി കാണിച്ചിരുന്ന എന്‍.പി.പി എങ്ങനെയാണ് സാങ്മയിലെത്തിയതെന്നും അദ്ദേഹം ചോദിച്ചു. സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എച്ച്.എസ്.പി.ഡി.പി ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.