ഒന്നാം ട്വന്‍റി20: ശ്രീലങ്കക്ക് 175 റണ്‍സ് വിജയലക്ഷ്യം

single-img
6 March 2018


കൊളംബോ: ഒന്നാം ട്വന്‍റി20യില്‍ ശ്രീലങ്കക്ക് മുന്നില്‍ ഇന്ത്യയുയര്‍ത്തിയത് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായ ഇന്ത്യയെ ലങ്ക ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 174 റണ്‍സെടുത്ത ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ തട്ടുപൊളിപ്പന്‍ ബാറ്റിങ്ങിലൂടെ അര്‍ധശതകവുമായി കുതിച്ചതാണ് ഇന്ത്യന്‍ സ്കോറിന് കരുത്തായത്. എന്നാല്‍, സെഞ്ച്വറി കൈയകലെ നില്‍ക്കെ ധവാന്‍ 90 റണ്‍സില്‍ വീണു. 49 പന്തില്‍ ആറു ഫോറും ആറു സിക്സും ധവാന്‍ പറത്തി.

ബൗളിങ് തെരഞ്ഞെടുത്തിറങ്ങിയ ലങ്കക്ക് ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. ദുഷ്മന്ദ ചമീരയുടെ പന്തിലാണ് പൂജ്യനായി രോഹിത് മടങ്ങിയത്. രണ്ടാം ഓവറിന്‍െറ അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത സുരേഷ് റെയ്ന പുറത്തായി.

എന്നാല്‍, തുടര്‍ന്ന് മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ശിഖര്‍ ധവാന്‍ ഇന്ത്യന്‍ സ്കോര്‍ മുന്നോട്ടുനയിച്ചു. 95 റണ്‍സിന്‍െറ കൂട്ടുകെട്ടാണ് ഇവര്‍ ഉയര്‍ത്തിയത്. 37 റണ്‍സുമായി പാണ്ഡെ വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 104 റണ്‍സിലത്തെിയിരുന്നു. പിന്നീട് റിഷഭ് പന്ത് ആയി ധവാന്‍െറ കൂട്ട്. സ്കോര്‍ സുരക്ഷിതമായി മുന്നോട്ടു നീങ്ങവേയാണ് ധവാന്‍ വീണത്. അവസാന രണ്ട് ഓവറില്‍ 21 റണ്‍സ് റിഷഭ് പന്ത്-ദിനേഷ് കാര്‍ത്തിക് സഖ്യം ചേര്‍ത്തു. ഇന്നിങ്സിലെ അവസാന പന്തില്‍ 23 റണ്‍സുമായി റിഷഭ് പുറത്തായി. ദിനേഷ് കാര്‍ത്തിക് 13 റണ്‍സുമായി പുറത്താകാതെ നിന്നു.