Health & Fitness

പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം: കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പത്തുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങാനാവാത്ത അത്ര ചൂടാണ് ഇന്ന്. മാര്‍ച്ച് മാസം ആരംഭിക്കുമ്പോള്‍ തന്നെ അന്തരീക്ഷ താപനില വന്‍തോതില്‍ ഉയര്‍ന്നു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പകല്‍ സമയത്ത് മാത്രമല്ല, രാത്രിയിലും താപനില ശരാശരിക്കും മുകളിലാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അനുഭവപ്പെട്ടതിനേക്കാള്‍ രണ്ട് ഡിഗ്രിയിലധികം ചൂട് ഇക്കുറി കൂടുമെന്നാണ് സൂചന. പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെ സൂര്യതാപത്തിന് സാധ്യത കൂടുതലാണ്.

അതിനാല്‍ പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. 2016 ഏപ്രില്‍ അവസാനമാണ് ചരിത്രത്തിലാദ്യമായി ഉഷ്ണ തരംഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി രണ്ടുദിവസം 40 ഡിഗ്രിയിലധികം ചൂടുണ്ടാവുകയും ഇത് ശരാശരിയിലും നാലര ഡിഗ്രി കൂടുതലായിരിക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) സംഭവിക്കുന്നത്.

സൂര്യാതപമേല്‍ക്കാനും അതുവഴി ജീവഹാനി സംഭവിക്കാനും സാധ്യതയുള്ള അവസ്ഥയാണിത്. പകല്‍ മുഴുവന്‍ വെയിലേറ്റ് ജോലി ചെയ്യുന്നവരും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരുമാണ് സാധാരണ ഇങ്ങനെ മരണപ്പെടുക. പാലക്കാട് ജില്ലയില്‍ ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി കടന്നതാണ് ഉഷ്ണതരംഗ സാധ്യതയേറാന്‍ കാരണമായി പറയുന്നത്.

വേനല്‍മഴ ലഭ്യതയെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ അവസ്ഥ. തീരദേശ നഗരമായ കോഴിക്കോട്ട് ദിവസങ്ങളായി താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ഇത് ശരാശരിയിലും നാലര മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്. ഇതുംകൂടി പരിഗണിച്ചാണ് കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചത്.

മെയ് രണ്ടാം തീയതിയോടെ ചില സ്ഥലങ്ങളില്‍ മഴ പെയ്തു തുടങ്ങാനും സാധ്യതയുണ്ട്. പാലക്കാട് മുതലുള്ള വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത വളരെ കുറവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും മെയ് ആറു മുതല്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍

വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
ക്ഷീണം
ഓക്കാനവും ചെറിയ തലകറക്കവും
സാധാരണയിലധികമായി വിയര്‍ക്കുക
ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്
പേശികളുടെ കോച്ചിപ്പിടുത്തം

ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.

ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍

ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ, ഒപ്പം ചൂടുള്ളതും വരണ്ടതും ചുവന്നതും ആണെങ്കില്‍
സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം, അപസ്മാരം, കാഴ്ച മങ്ങുക
വിങ്ങുന്ന തലവേദന
ചര്‍ദ്ദില്‍
ശ്വാസം മുട്ടല്‍
ശരീര ഊഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസിലും കൂടുതലാകുക
കൃഷ്ണമണി സങ്കോചിക്കുക

പ്രഥമ ശുശ്രൂഷ:

ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
ശരീരത്തിലെ വസ്ത്രങ്ങള്‍ ഊരിമാറ്റുക
മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക
ശരീരം പച്ചവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍ കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
ധാരാളം ജലം കുടിക്കാനായി നല്‍കുക
ആവശ്യമെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുക
എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുക

പ്രതിരോധ മാര്‍ഗങ്ങള്‍:

1. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടുമൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം. തണുത്ത വെള്ളത്തിനായി വീട്ടില്‍ ഫ്രിഡ്ജില്‍ കുപ്പികളില്‍ സൂക്ഷിക്കുന്ന വെള്ളവും തിളപ്പിച്ചാറിയതു തന്നെ വേണം.

2. ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യാം.

3. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക. തണ്ണിമത്തന്‍, പപ്പായ, മാങ്ങ, പേരക്ക, ഓറഞ്ച് മുതലായവ വേനക്കാലത്ത് വിശേഷപ്പെട്ടവയാണ്. വേവിക്കാതെ കഴിക്കാവുന്ന കത്തിരിക്ക മുതലായ പച്ചക്കറികളും നന്ന്. തൊലികളഞ്ഞുപയോഗിക്കാത്ത മുന്തിരി പോലുള്ള പഴങ്ങള്‍ കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും നന്നായി കഴുകി ഉപ്പ് ചേര്‍ത്ത ജലത്തിലിടുന്നത് കീടനാശിനിയുടെ അംശം കളയാന്‍ സഹായിക്കും.

4. അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.
5. രാവിലെ പതിനൊന്ന് മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.
6. കുട, തൊപ്പി, ഫുള്‍ കൈ ഷര്‍ട്ടുകള്‍ എന്നിവ ഉപയോഗിക്കുന്നത് സൂര്യാതപത്തെ തടയാന്‍ സഹായിക്കും.
7. നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.
8. അടിവസ്ത്രങ്ങളും കോട്ടണ്‍ കൊണ്ടുള്ളവ തന്നെയാണ് വേനല്‍ക്കാലത്ത് നല്ലത്. ഷര്‍ട്ടിന് താഴെ കോട്ടണ്‍ ബനിയനുകള്‍ ധരിക്കുന്നത് വിയര്‍പ്പ് ആഗിരണം ചെയ്യുന്നതിന് സഹായകമാവും.
9. രണ്ട് നേരം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് വിയര്‍പ്പകറ്റാനും ചര്‍മ്മ സംരക്ഷണത്തിനും നല്ലതാണ്. വേനല്‍ക്കാലത്ത് അടിവസ്ത്രങ്ങള്‍ രണ്ട് നേരം മാറ്റുകയും വേണം.
10. പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.
11. വേനല്‍ച്ചൂടില്‍ അമിതമായി ഉണ്ടാവുന്ന വിയര്‍പ്പ് ചൂട് കുരു, ഫംഗസ് ബാധ എന്നിവക്ക് കാരണമാകും. സൂര്യാതപം തടയാന്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കാം. ഫംഗസ് ബാധക്കെതിരായി ആന്റി ഫംഗല്‍ ലേപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്റ്റിറോയിഡ് അടങ്ങിയവ ഒഴിവാക്കണം.
12. കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.