Health & Fitness

മുലപ്പാല്‍ ദാനം ചെയ്യുന്ന അമ്മ

മുലപ്പാല്‍ എന്നത് ഒരു കുഞ്ഞിന്റെ ജന്മാവകാശമാണ്. ജനനം മുതല്‍ കൃത്യമായി മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ മറ്റൊന്നിലും അടങ്ങിയിട്ടില്ല എന്നത് കൊണ്ടാണ് എല്ലാ അമ്മമാരും പോഷകാഹാരങ്ങള്‍ കഴിക്കണമെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നതും.

പല അമ്മമാര്‍ക്കും മുലപ്പാല്‍ കുറയുക എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പക്ഷേ ക്രമാതീതമായി മുലപ്പാല്‍ ഉണ്ടാകുന്ന എലിസബത്തിനെക്കുറിച്ചറിയുക. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ എലിസബത്തിന് ഹൈപ്പര്‍ ലാക്‌റ്റേഷന്‍ സിന്‍ഡ്രോം എന്ന അസുഖമാണുള്ളത്.

കൗതുകകരമായ വസ്തുത എന്തെന്നാല്‍ ദിനവും ആറ് ലിറ്റര്‍ മുലപ്പാലാണ് എലിസബത്തിന്റെ ശരീരം ഉത്പാദിപ്പിക്കുന്നത്. ആദ്യമൊക്കെ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും പിന്നീട് മുലപ്പാല്‍ ദാനം ചെയ്യാന്‍ എലിസബത്ത് തീരുമാനിച്ചു. ഇളയകുട്ടിയുടെ ആവശ്യങ്ങള്‍ക്കു ശേഷമുളള മുലപ്പാല്‍ ഒരു തുള്ളി പോലും കളയാതെ മറ്റ് കുട്ടികള്‍ക്കായി ദാനം ചെയ്യുകയാണ് എലിസബത്ത്.

മുലപ്പാലില്ലാതെ വിഷമിക്കുന്ന അമ്മമാര്‍ക്ക് വലിയൊരാശ്വാസമാണ് എലിസബത്ത് നല്‍കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കും എലിസബത്ത് മുലപ്പാല്‍ നല്‍കുന്നുണ്ട്. ഇതിനായി മൂന്ന് പ്രത്യേകതരം ഫ്രീസറുകളാണ് എലിസബത്ത് വീട്ടില്‍ തയ്യാറാക്കിയത്.

പാല്‍ സൂക്ഷിക്കുന്ന ബാഗ്, ബ്രെസ്റ്റ് പമ്പ്, ഡിസ്‌പോസബിള്‍ പാഡ്‌സ് തുടങ്ങി പാലിന് ആവശ്യക്കാര്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് എലിസബത്ത് തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്. ഓരോ മൂന്ന് മാസവും മുലപ്പാല്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള ഉപകരണങ്ങള്‍ മാറ്റി വാങ്ങും.

ഒരൗണ്‍സിന് ഒരു ഡോളര്‍ നല്‍കിയാണ് മില്‍ക്ക് ബാങ്കുകള്‍ എലിസബത്തിന്റെ മുലപ്പാല്‍ ശേഖരിക്കുന്നത്. എലിസബത്ത് മുലപ്പാല്‍ നല്‍കാന്‍ തുടങ്ങിയിട്ട് 3 വര്‍ഷമായി. പങ്കുവെയ്ക്കാന്‍ അനുഗ്രഹം ലഭിച്ച വ്യക്തിയാണ് താനെന്ന് വിശ്വസിക്കുവാനാണ് ഇഷ്ടപ്പെടുന്നതെന്ന് എലിസബത്ത് വ്യക്തമാക്കുന്നു.