കേരള ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചു; ഡേവിഡ് ജയിംസ് തന്നെ 2021 വരെ ‘രക്ഷകന്‍’, പരിശീലകനെതിരെ ബെര്‍ബറ്റോവിന്‍െറ രൂക്ഷവിമര്‍ശനം

single-img
4 March 2018


കൊച്ചി: മലയാളികളുടെ സ്വന്തം ഐ.എസ്.എല്‍. ടീം കേരള ബ്ലാസ്റ്റേഴ്സിന്‍െറ പരിശീലക കുപ്പായത്തില്‍ ഡേവിഡ് ജയിംസ് തന്നെ തുടരും. 2021 വരെ പരിശീലക കാലാവധി നീട്ടുന്ന കരാറില്‍ ഡേവിഡ് ജയിംസ് ഒപ്പുവച്ചു. ഐ.എസ്.എല്‍ ആദ്യ സീസണില്‍ കളിക്കാരന്‍െറയും പരിശീലകന്‍െറയും റോളില്‍ ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം തുടങ്ങിയ താരമാണ് ജയിംസ്. ആ സീസണില്‍ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ വരെ എത്തുകയും ചെയ്തു. നിലവില്‍ നടക്കുന്ന നാലാം സീസണിന്‍െറ തുടക്കത്തില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ജനുവരിയില്‍ റെനെ മ്യൂലസ്റ്റീന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ രക്ഷകനായി അവതരിച്ചതും ഡേവിഡ് ജയിംസ് ആയിരുന്നു. അദ്ദേഹത്തിന്‍െറ കീഴില്‍ ടീം പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്‍െറയും ഐ.എസ്.എല്ലിന്‍െറയും വലിയ ആരാധകന്‍ കൂടിയായ ഡേവിഡ് ജയിംസ്, ടീമിനൊപ്പം ഒരു സീസണ്‍ മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.

ടീമിനൊപ്പം മുഖ്യ പരിശീലകനായി തുടരാന്‍ വീണ്ടും അവസരം നല്‍കിയതിന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനോട് നന്ദി പറയുന്നതായി പുതിയ കരാറില്‍ ഒപ്പിട്ടതിന് ശേഷം ഡേവിഡ് ജയിംസ് പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് ടീമിനൊപ്പം ചേര്‍ന്ന് ഈ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുന്നത് അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.എഫ്.സി കപ്പില്‍ മാറ്റുരക്കാന്‍ ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്നും ജയിംസ് വ്യക്തമാക്കി. 2014ല്‍ താന്‍ ആദ്യം കണ്ടപ്പോള്‍ ഉള്ളതിനേക്കാള്‍ ഏറെ ഇന്ത്യന്‍ ഫുട്ബാള്‍ വളര്‍ന്നെന്നും മുന്‍ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പറഞ്ഞു. അസിസ്റ്റന്‍റ് കോച്ച് ഹെര്‍മന്‍ ഹ്രെയ്ഡാര്‍സണും കരാര്‍ നീട്ടിയിട്ടുണ്ട്.

അതേസമയം, ബ്ലാസ്റ്റേഴ്സിന്‍െറ ഈ സീസണിലെ സ്റ്റാര്‍ കളിക്കാരന്‍ ആയ ദിമിതര്‍ ബെര്‍ബറ്റോവ് ഡേവിഡ് ജയിംസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സെമിഫൈനലില്‍ എത്താതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങൂന്നു എന്ന് ഒൗദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതിനൊപ്പം ജയിംസിന്‍െറ പരിശീലന രീതിയെ ബെര്‍ബറ്റോവ് രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ഏറ്റവും മോശം പരിശീലകന്‍ എന്നാണ് താരം കുറിച്ചത്. സ്ട്രൈക്കറുടെ നെഞ്ചിലേക്ക് പന്ത് ചിപ് ചെയ്ത് നല്‍കിയാല്‍ മതി അവിടെ നിന്ന് ഞങ്ങള്‍ ഏറ്റെടുത്തോളാം എന്ന് ഏതെങ്കിലും പരിശീലകന്‍ പറയുമോ എന്നും ബെര്‍ബറ്റോവ് എഴുതി. ഇത് വൈറലാകുകയും വിവാദമാകുകയും ചെയ്തതോടെ ബ്ലാസ്റ്റേഴ്സിന്‍െറ മുന്‍ താരം മൈക്കല്‍ ചോപ്ര ബെര്‍ബറ്റോവിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. ആദ്യ സീസണില്‍ ജയിംസിന് കീഴില്‍ കളിച്ച താരങ്ങള്‍ക്ക് ബെര്‍ബറ്റോവ് പറഞ്ഞത് മനസിലാകുമെന്നാണ് ചോപ്ര കുറിച്ചത്.

എന്നാല്‍, നല്ലത് പറയാനില്ലെങ്കില്‍ ഒന്നും പറയാതിരുന്നുകൂടെ എന്ന മറുപടി ട്വീറ്റുമായി സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും രംഗത്തെത്തി. ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു. മറ്റൊരു ട്വീറ്റിലൂടെ, ആരെയും കുറ്റപ്പെടുത്തിയതല്ലെന്നും താന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന നയമാണെന്നും ഹ്യൂം വിശദീകരണവും നല്‍കി. അടുത്തിടയായി കാണുന്ന ചില അനാവശ്യ കമന്‍റുകളിലൂടെ വിവാദമുണ്ടാകുകയും ചിലര്‍ക്ക് വീണ്ടും പ്രസക്തി ലഭിക്കുകയും മാത്രമാണ് ചെയ്യുകയെന്നും ‘ഹ്യൂമേട്ടന്‍’ കൂട്ടിച്ചേര്‍ത്തു.