കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിന്

single-img
4 March 2018


ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ ചൈന്നൈയിന്‍ എഫ്.സി തോല്‍പ്പിച്ചതോടെ സന്തോഷിക്കാന്‍ അവസരം കിട്ടിയത് കേരള ബ്ലാസ്റ്റേഴ്സിന്. മുംബൈ 23 പോയന്‍റുമായി ഏഴാം സ്ഥാനത്തേക്ക് വീണതോടെ 25 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനവുമായി സൂപ്പര്‍ കപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടി. കേരളത്തെ മറികടക്കാന്‍ മുംബൈക്ക് ജയം അനിവാര്യമായിരുന്നു. എന്നാല്‍, റെനി മിഹിലിച്ച് പെനാല്‍റ്റി ഗോളാക്കി 1-0ത്തിന്‍െറ ജയം ചെന്നൈയിന് സമ്മാനിക്കുകയായിരുന്നു. പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയിന്‍ നേരത്തെ സെമിഫൈനല്‍ ഉറപ്പിച്ചതിനാല്‍ മത്സരത്തിന്‍െറ ഫലം അവര്‍ക്ക് അപ്രസക്തമായിരുന്നു.

സൂപ്പര്‍ കപ്പിനുള്ള യോഗ്യത നേടിയെങ്കിലും സൂപ്പര്‍ താരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങാന്‍ ഉണ്ടാകുമോ എന്ന കാര്യം കാത്തിരുന്ന് കാണണം. ടീമിലെ പ്രമുഖ താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണും സൂപ്പര്‍ കപ്പ് കളിക്കാന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത് ടീം കോച്ച് ഡേവിഡ് ജയിംസ് തന്നെയാണ്. സൂപ്പര്‍ കപ്പ് എന്നൊരു ടൂര്‍ണമെന്‍റ് നടത്തുന്ന കാര്യം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വളരെ വൈകിയാണ് പ്രഖ്യാപിച്ചത്. ഇതുകൊണ്ടുതന്നെ സൂപ്പര്‍ കപ്പിനായി ഇവിടെ തുടരാന്‍ താരങ്ങളെ ടീം മാനേജ്മെന്‍റ് നിര്‍ബന്ധിച്ച് സമ്മതിപ്പിക്കേണ്ടിവരും. ബെര്‍ബറ്റോവിനോടും ബ്രൗണിനോടും സംസാരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ഡേവിഡ് ജയിംസ്, അവര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാര്‍ക്ക് നേരിട്ട് സൂപ്പര്‍ കപ്പ് നോക്കൗട്ട് യോഗ്യത ലഭിക്കും. യോഗ്യത മത്സരത്തിലൂടെയാണ് ബാക്കിവരുന്ന നാല് ടീമുകളെ തെരഞ്ഞെടുക്കുക. ഇരു ലീഗിലെയും അവസാന നാല് ടീമുകളാണ് യോഗ്യതക്കായി മാറ്റുരക്കുക. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെയാണ് സൂപ്പര്‍ കപ്പ് നടക്കുന്നത്.