മെസ്സിക്ക് 600ാം ഗോള്‍; വിജയവുമായി ബാഴ്സലോണ ലാ ലിഗ കിരീടത്തിനരികെ

single-img
4 March 2018

ബാഴ്സലോണ: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ 600ാം കരിയര്‍ ഗോളിന്‍െറ മികവില്‍ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയുടെ വിജയക്കുതിപ്പ്. ലീഗില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിനെതിരെ 1-0ത്തിനാണ് ഒന്നാമതുള്ള ബാഴ്സ ജയം പിടിച്ചത്. ഇതോടെ ലീഗ് കിരീടത്തിലേക്കുള്ള വഴിയില്‍ അത്ലറ്റികോയുമായുള്ള പോയന്‍റ് വ്യത്യാസം എട്ടാക്കി ഉയര്‍ത്തിയാണ് ബാഴ്സ കിരീടപ്പോരാട്ടത്തില്‍ കൂടുതല്‍ കരുത്ത് നേടിയത്. കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളില്‍ മൂന്ന് സമനില വഴങ്ങേണ്ടി വന്ന കറ്റാലന്‍ പടക്ക് മത്സരത്തിനിറങ്ങുമ്പോള്‍ അഞ്ചുപോയിന്‍റായിരുന്നു അത്ലറ്റികോയുമായുള്ള വ്യത്യാസം. മറുവശത്ത് കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ എട്ട് ജയവും ഒരു സമനിലയുമായി കുതിച്ച അത്ലറ്റികോ വന്‍ ഭീഷണിയാണ് ഉയര്‍ത്തിയത്. എന്നാല്‍, മെസ്സി മാജിക്കിന് മുന്നില്‍ അത്ലറ്റികോയുടെ തകര്‍പ്പന്‍ ഫോമിനും മിന്നാന്‍ കഴിഞ്ഞില്ല.

ആദ്യ പകുതിയുടെ 26ാം മിനിറ്റില്‍ ഫ്രീകിക്ക് വലയിലേക്ക് ചായ്ച്ചിറക്കിയാണ് മെസ്സി കരിയറിലെ നാഴികക്കല്ല് സ്വന്തമാക്കിയത്. അത്ലറ്റികോയുടെ ഗോള്‍ കീപ്പര്‍ യാന്‍ ഒബ്ളക്കിന്‍െറ വിരല്‍തുമ്പുകള്‍ക്കും ആ പന്തിനെ തടയാനായില്ല. തുടര്‍ച്ചയായ മൂന്നാം ലീഗ് മത്സരത്തിലാണ് മെസ്സി ഫ്രീകിക്ക് ഗോള്‍ നേടുന്നത്. രാജ്യത്തിനായി 61 ഗോളുകള്‍ നേടിയിട്ടുള്ള മെസ്സിയുടെ ക്ലബിനായുള്ള 539 ാം ഗോളാണ് ഇന്ന് ന്യൂകാംപില്‍ പിറന്നത്.

എന്നാല്‍, ജയത്തിനിടയിലും ബാഴ്സക്ക് തിരിച്ചടി നല്‍കി സൂപ്പര്‍ താരം ആന്ദ്രെ ഇനിയേസ്റ്റക്ക് പരിക്കേറ്റു. 27 മത്സരങ്ങള്‍ ഇരു ടീമുകളും കളിച്ചപ്പോള്‍ 69 പോയന്‍റാണ് ബാഴ്സലോണക്കുള്ളത്. അത്ലറ്റികോക്ക് 61 പോയിന്‍റും.